21 മത്സരങ്ങളിൽ 21 ഗോൾ പങ്കാളിത്തം, ബ്രസീലിയൻ സ്‌ട്രൈക്കർക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത് | Kerala Blasters

ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ട ഒഴിവിലേക്ക് ഒരു വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ടോപ് സ്കോററായ താരത്തിന് പകരക്കാരനെ കണ്ടെത്തുമ്പോൾ അതിനേക്കാൾ മികച്ച താരമാകണം. അതല്ലെങ്കിൽ ആരാധകർ ദിമിയെ വിട്ടുകളഞ്ഞതിൽ വലിയ രീതിയിൽ പ്രതിഷേധമുയർത്തുമെന്നതിൽ സംശയമില്ല.

ദിമിയുടെ പകരക്കാരനായി മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതെന്നാണ് പുറത്തു വരുന്ന അഭ്യൂഹങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അവസാനം പുറത്തു വന്ന സ്‌ട്രൈക്കറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ബ്രസീലിയൻ താരമായ വില്യൻ പോപ്പാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്ന പുതിയ താരം. തായ്‌ലൻഡ് ക്ലബായ മുയാങ്‌തോങ് യുണൈറ്റഡിൽ കളിക്കുന്ന ഇരുപത്തിയൊൻപതുകാരനായ താരം ഈ സീസൺ കഴിഞ്ഞതോടെ ഫ്രീ ഏജന്റാണ്. ഈ സാഹചര്യം മുതലെടുത്താണ് ബ്രസീലിയൻ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നത്.

കഴിഞ്ഞ സീസണിൽ തായ് ലീഗിൽ മിന്നുന്ന പ്രകടനമാണ് പോപ്പ് നടത്തിയത്. ഇരുപത്തിയൊന്ന് മത്സരങ്ങൾ കളിച്ച താരം പതിനേഴു ഗോളും നാല് അസിസ്റ്റുമായി ഇരുപത്തിയൊന്ന് ഗോളുകളിൽ പങ്കാളിയായി. ലീഗിലെ ടോപ് സ്കോറർമാരിൽ മൂന്നാം സ്ഥാനത്തു വന്ന താരത്തിന്റെ മികവാണ് ക്ലബ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നതിലും നിർണായകമായത്.

പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതോടെ ടീമിലെ താരങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. പന്തടക്കമുള്ള പെട്ടന്ന് കളിയുടെ ഗതിയിൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന താരങ്ങളെയാണ് അദ്ദേഹത്തിന് വേണ്ടത്. തന്റെ കളിക്കാരുടെ വർക്ക് റേറ്റും അദ്ദേഹത്തിന് പ്രധാനമാണെന്നിരിക്കെ അതിനു സഹായിക്കുന്ന കളിക്കാരെ തന്നെയാകും അദ്ദേഹം ടീമിലെത്തിക്കുക.

Kerala Blasters Target Willian Popp