കേരള ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിന്റെ കരാർ റദ്ദാക്കിയതായി റിപ്പോർട്ട്, നഷ്‌ടപരിഹാരം നൽകും
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഒരു വിദേശതാരത്തിന്റെ കരാർ റദ്ദാക്കിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിന് മുന്നോടിയായി ടീമിലെത്തിയ ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോയുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്നു വെച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ജോഷുവ ഒരു മത്സരം പോലും കളിച്ചില്ല. പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരികയും സീസൺ മുഴുവൻ പുറത്തിരിക്കുകയും വേണ്ടി വന്നു. ഇപ്പോൾ തിരിച്ചു വരാനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ജോഷുവയെ ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്നു വെച്ച വാർത്ത പുറത്തു വരുന്നത്.
#footballexclusive 🚨 Kerala Blasters have terminated the contract with their Australian player Jaushua Sotirio after the Asian signing was not mandatory from the upcoming ISL season. Blasters will compensate the player #kbfc #Keralablasters #isl pic.twitter.com/tPVh6igCxh
— football exclusive (@footballexclus) June 21, 2024
അടുത്ത സീസണിലെ നിയമങ്ങളിൽ മാറ്റം വന്നതാണ് ഈ തീരുമാനത്തിന് കാരണം. വരുന്ന സീസൺ മുതൽ ഒരു ടീമിലും ഏഷ്യൻ താരം ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഏഷ്യൻ താരത്തിന് പകരം ഏതു വിദേശതാരത്തെ സ്വന്തമാക്കാനും ടീമിൽ കളിപ്പിക്കാനും കഴിയും. അതിനാൽ മികച്ച വിദേശതാരങ്ങളെ സ്വന്തമാക്കാമെന്ന പദ്ധതിയിലാണ് ബ്ലാസ്റ്റേഴ്‌സ്.
ഏഷ്യൻ താരങ്ങൾ വേണമെന്ന നിബന്ധന ഉള്ളതിനാൽ തന്നെ വലിയ തുക അവർക്കായി പലപ്പോഴും മുടക്കേണ്ടി വരാറുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും അതിനേക്കാൾ മികച്ച താരങ്ങളെ ഈ തുകക്ക് സ്വന്തമാക്കാൻ കഴിയും. പുതിയ സീസണിലേക്കായി ആ അവസരം മുതലെടുത്ത് മികച്ച ടീമിനെ ഒരുക്കാനുള്ള പദ്ധതിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്.
ബ്ലാസ്റ്റേഴ്‌സുമായി ഒരു വർഷത്തെ കരാർ കൂടി ജോഷുവക്ക് ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ കരാർ റദ്ദു ചെയ്യണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് നഷ്‌ടപരിഹാരം നൽകേണ്ടി വരും. ജോഷുവ ടീം വിടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ഏതാനും വിദേശതാരങ്ങളെക്കൂടി അടുത്ത സീസണിലേക്ക് ടീമിലെത്തിക്കേണ്ടി വരും.