അർജന്റൈൻ റഫറി ബ്രസീലിനെ ചതിച്ചു, വിനീഷ്യസിനെതിരായ ഫൗൾ പെനാൽറ്റിയാണെന്നു സമ്മതിച്ച് കോൺമെബോൾ

ബ്രസീലും കൊളംബിയയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരം ആവേശകരമായിരുന്നു എന്നതിനൊപ്പം തന്നെ വിവാദപരമായ ചില തീരുമാനങ്ങളും ഉണ്ടായിരുന്നു. കൊളംബിയയുടെ ഒരു ഗോൾ വീഡിയോ റഫറി പരിശോധിച്ച് ഓഫ്‌സൈഡ് കണ്ടെത്തിയിരുന്നതിനു പുറമെ ബ്രസീൽ താരം വിനീഷ്യസിനെ ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റിയും നൽകിയിരുന്നില്ല.

മത്സരത്തിന് ശേഷം വിനീഷ്യസിനെ വീഴ്ത്തിയതിന് പെനാൽറ്റി നൽകാതിരുന്നത് രൂക്ഷമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു. അതൊരു ക്ലിയർ ഫൗളാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നിട്ടും എന്ത് കൊണ്ടാണ് പെനാൽറ്റി നൽകാതിരുന്നതെന്ന് ഏവരും ചോദിച്ചു. ബ്രസീൽ പരിശീലകനും മത്സരത്തിന് ശേഷം റഫറിയെ രൂക്ഷമായി വിമർശിച്ചിരുന്നു.

എന്തായാലും ബ്രസീൽ മത്സരത്തിൽ കൊള്ളയടിക്കപ്പെട്ടു എന്നാണു ഇപ്പോൾ വ്യക്തമാകുന്നത്. ഇന്നലെ കോൺമെബോൾ റഫറിയുടെ തീരുമാനത്തിൽ തെറ്റു പറ്റിയെന്ന് സമ്മതിക്കുകയുണ്ടായി. അതൊരു പെനാൽറ്റി തന്നെയാണെന്നും എന്നാൽ വീഡിയോ അസിസ്റ്റന്റ് റഫറി ദൃശ്യങ്ങൾ പരിശോധിച്ചെടുത്ത തീരുമാനത്തിൽ തെറ്റ് പറ്റിയെന്നും കോൺമെബോൾ വ്യക്തമാക്കുന്നു.

വാർ റൂമിനെ നയിച്ചിരുന്നത് അർജന്റൈൻ റഫറി ആയിരുന്നുവെന്നത് ഈ വിവാദത്തെ ആളിക്കത്തിക്കുന്നു. ബ്രസീൽ മത്സരത്തിൽ വിജയിക്കാതിരിക്കാൻ വേണ്ടി മനഃപൂർവം പെനാൽറ്റി നൽകാതിരുന്നുവെന്നാണ് ആരാധകർ ആരോപിക്കുന്നത്. കോൺമെബോൾ റഫറിമാർ ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന് ഇതിനു മുൻപും പരാതികൾ ഉണ്ടായിരുന്നത് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ആ പെനാൽറ്റി നൽകാതിരുന്നതിനാൽ ബ്രസീൽ മത്സരത്തിൽ വിജയം കൈവിട്ടിരുന്നു. ഇതോടെ ബ്രസീൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വീണു. രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത് എന്നതിനാൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന യുറുഗ്വായെ ക്വാർട്ടർ ഫൈനലിൽ നേരിടേണ്ട സാഹചര്യമാണ് ബ്രസീലിനുള്ളത്.