അർജന്റീനയെ ഭയക്കുന്നില്ല, മെസിയെയും സംഘത്തെയും തോൽപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് കാനഡ പരിശീലകൻ
കോപ്പ അമേരിക്കയിലെ ആദ്യത്തെ സെമി ഫൈനൽ ഇന്ത്യൻ സമയം മറ്റന്നാൾ പുലർച്ചെ നടക്കാൻ പോവുകയാണ്. നിലവിലെ ജേതാക്കളായ അർജന്റീനയും ടൂർണമെന്റിൽ ആദ്യമായി കളിക്കുന്ന കാനഡയും തമ്മിലാണ് സെമി ഫൈനൽ നടക്കുന്നത്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയ ടീമുകളാണ് അർജന്റീനയും കാനഡയും.
ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയം നേടിയിരുന്നു. അൽവാരസും ലൗടാരോ മാർട്ടിനസുമാണ് മത്സരത്തിൽ അർജന്റീനയുടെ ഗോളുകൾ നേടിയത്. ആ മത്സരത്തിൽ അർജന്റീനയുടെ ആധിപത്യമാണ് ഉണ്ടായിരുന്നതെങ്കിലും സെമി ഫൈനലിൽ അത് പ്രതീക്ഷിക്കേണ്ട എന്നാണു കാനഡ പരിശീലകൻ ജെസെ മാർഷ് നൽകുന്ന മുന്നറിയിപ്പ്.
Jesse Marsch: “Argentina will have to be the best match we’ve ever played and it still might not be enough. But, whatever. We’re going to go for it.“#CanMNT pic.twitter.com/L5pukZfiuT
— TrueNorthFoot (@truenorthfoot) July 6, 2024
“അർജന്റീന ടീം എത്ര മികച്ചതാണെന്ന് ഞങ്ങൾക്കറിയാം, കാരണം ഞങ്ങൾ അവർക്കെതിരെ മുൻപ് കളിച്ചിട്ടുണ്ട്. പക്ഷെ ചില നിമിഷങ്ങളിൽ ഞങ്ങൾ മുൻതൂക്കം പുലർത്തിയിട്ടുണ്ടായിരുന്നു. നമ്മൾ ഏറ്റവും പൂർണതയോടെ ഒരു മത്സരം കളിച്ചാലും അത് ചില സമയങ്ങളിൽ മതിയാകില്ലെന്നാണ് ആ മത്സരത്തിന് ശേഷം ഞാൻ പറഞ്ഞത്.”
“ഞങ്ങൾ അവരെ ഭയക്കുന്നില്ല. അർജന്റീന കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ രണ്ടു തവണ മാത്രമാണ് തോൽവി വഴങ്ങിയിരിക്കുന്നത്. ലയണൽ മെസി ഈ ഗെയിം കളിക്കുന്ന ഏറ്റവും മികച്ച താരമാണ്. എന്നാൽ ഞങ്ങൾക്കൊരു സാധ്യതയുണ്ടെന്നാണു ഞാൻ കരുതുന്നത്, അതിനു വേണ്ടിയാണ് ടീമിനെ തയ്യാറെടുപ്പിച്ചു കൊണ്ടിരിക്കുന്നതും.” ജെസെ മാർഷ് കഴിഞ്ഞ ദിവസം പറഞ്ഞു.
ടൂർണമെന്റിന്റെ കിരീടപ്പോരാട്ടത്തോട് അടുക്കുമ്പോൾ പല ടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ നടത്തുമെന്നും അതിനു മുൻപ് അവരെ നേരിട്ടപ്പോൾ ഉണ്ടായിരുന്നതു പോലെയാവില്ല കാര്യങ്ങളെന്നും ജെസെ മാർഷ് കൂട്ടിച്ചേർത്തു. അർജന്റീന അവരുടെ ഏറ്റവും മികച്ച കളി തന്നെ തങ്ങൾക്കെതിരെ പുറത്തെടുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.