പതിനഞ്ചു മിനുട്ട് ഇഞ്ചുറി ടൈം നൽകിയത് അർജന്റീനയെ സഹായിക്കാനോ, യഥാർത്ഥ കാരണമിതാണ്

പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയും മൊറോക്കോയും തമ്മിൽ ഇന്നലെ നടന്ന മത്സരം സംഭവബഹുലമായി അവസാനിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അർജന്റീന സമനില ഗോൾ നേടിയെങ്കിലും രണ്ടു മണിക്കൂറിനു ശേഷം അത് വീഡിയോ റഫറി നിഷേധിച്ചു. കാണികൾ അക്രമം നടത്തിയതിനാൽ മത്സരം നിർത്തി വെച്ചതു കൊണ്ടാണ് ഗോൾ നിഷേധിക്കാൻ അത്രയും സമയമെടുത്തത്.

മത്സരത്തിന് ശേഷം അർജന്റീന ടീമിനെ എതിരാളികൾ വളരെയധികം കളിയാക്കുന്നുണ്ട്. അതിനു പുറമെ മത്സരത്തിൽ ഇഞ്ചുറി ടൈമായി പതിനഞ്ചു മിനുട്ട് നൽകിയ തീരുമാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അർജന്റീനക്ക് ഒഫീഷ്യൽസിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങളോട് ചേർത്താണ് പതിനഞ്ചു മിനുട്ട് നൽകി അവരെ തിരിച്ചുവരാൻ സഹായിച്ചുവെന്ന വിമർശനം ഉണ്ടാകുന്നത്.

എന്നാൽ ഒളിമ്പിക്‌സ് മത്സരങ്ങളിൽ ദൈർഘ്യമേറിയ ഇഞ്ചുറി ടൈം പ്രതീക്ഷിക്കാവുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങുമായി ബന്ധപ്പെട്ട ഒരു ടെസ്റ്റിങ് ഈ ഒളിമ്പിക്‌സിൽ നടക്കുന്നുണ്ട്. ഇതു പ്രകാരം മത്സരങ്ങൾ പല കാരണങ്ങൾ കൊണ്ടു നിർത്തി വെക്കുമ്പോൾ ആ സമയം കണക്കാക്കി അതിന് അനുസൃതമായാണ് ഇഞ്ചുറി ടൈം റഫറി നൽകുക.

അർജന്റൈൻ ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നത് പ്രകാരം അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരത്തിൽ കളി നടന്ന സമയം 54 മിനുട്ടും 27 സെക്കണ്ടും മാത്രമാണ്. ഇത് സംഘാടകർ ഉദ്ദേശിച്ച സമയത്തേക്കാൾ വളരെ കുറവായിരുന്നു. അതുകൊണ്ടാണ് കൂടുതൽ സമയം ഇഞ്ചുറി ടൈമായി റഫറി അനുവദിച്ചത്.

ഒളിമ്പിക്‌സിൽ കൂടുതൽ സമയം ഇഞ്ചുറി ടൈമായി അനുവദിച്ചിരിക്കുന്നത് ഈ മത്സരത്തിൽ മാത്രമല്ല. ഗിനിയയും ന്യൂസിലാൻഡും തമ്മിൽ നടന്ന മത്സരത്തിൽ പതിനൊന്നു മിനുട്ടും ഇറാഖും യുക്രൈനും തമ്മിൽ നടന്ന മത്സരത്തിൽ പന്ത്രണ്ടു മിനുറ്റുമാണ് ഇഞ്ചുറി ടൈം നൽകിയത്. അതിനു പുറമെ ചില മത്സരങ്ങളിൽ എട്ടു മിനുട്ടും ഇഞ്ചുറി ടൈം നൽകിയിട്ടുണ്ട്.