വന്മതിലാകാൻ ഫ്രഞ്ച് പ്രതിരോധതാരമെത്തുന്നു, ഡ്യൂറൻഡ് കപ്പിൽ കളിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ

പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഏറ്റവും മികച്ച സൈനിങാണ് ഫ്രഞ്ച് പ്രതിരോധതാരമായ അലക്‌സാണ്ടർ കെയോഫിന്റേത്. ക്രൊയേഷ്യൻ താരമായ മാർകോ ലെസ്‌കോവിച്ച് ക്ലബ് വിട്ടതിനു പകരമാണ് അലക്‌സാണ്ടർ കെയോഫിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ട്രാൻസ്‌ഫർ പ്രഖ്യാപിച്ചെങ്കിലും കെയോഫ് ഇതുവരെ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേർന്നിട്ടില്ലായിരുന്നു.

വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരാൻ കെയോഫ് വൈകിയത്. എന്നാൽ താരം ഉടനെ തന്നെ ടീമിനൊപ്പം ചേരാനെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡുള്ളത്. കെയോഫ് ഇവർക്കൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഈയാഴ്‌ച അവസാനത്തോടെ അലക്‌സാണ്ടർ കെയോഫ് ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിനായി ഒരുങ്ങുകയാണിപ്പോൾ. അതിൽ മികച്ച വിജയമുണ്ടാക്കാൻ കഴിഞ്ഞാൽ ടീമിന് ഡ്യൂറൻഡ് കപ്പിലെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ടീമിന് കഴിയും.

ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ പുതിയ താരങ്ങളെ കൂട്ടിച്ചേർക്കാനുള്ള അവസരമുണ്ട്. അതുകൊണ്ടു തന്നെ കെയോഫ് വരികയും ബ്ലാസ്റ്റേഴ്‌സ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയും ചെയ്‌താൽ താരം ഡ്യൂറൻഡ് കപ്പിൽ കളിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ടൂർണമെന്റിൽ നിന്നും വിട്ടു നിൽക്കാനാണ് കെയോഫിന്റെ തീരുമാനമെങ്കിൽ താരം കളിക്കില്ല.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന സൈനിങാണ് അലക്‌സാണ്ടർ കെയോഫിന്റേത്. ഫ്രാൻസിലെയും സ്പെയിനിലെയും ഒന്നാം ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി കളിച്ച പരിചയസമ്പത്ത് താരത്തിനുണ്ട്. വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കാൻ പോകുന്നത് കെയോഫ് ആയിരിക്കുമെന്ന് ഉറപ്പാണ്.