കേരള ബ്ലാസ്റ്റേഴ്‌സിനായി കിരീടമുയർത്തുന്ന ആദ്യത്തെ നായകനാവണം, തന്റെ ലക്‌ഷ്യം വെളിപ്പെടുത്തി അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം അഡ്രിയാൻ ലൂണയുടെ നാലാമത്തെ സീസണാണ് വരാൻ പോകുന്നത്. ഇവാൻ വുകോമനോവിച്ച് പരിശീലകനായ ആദ്യത്തെ സീസൺ മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരം ആരാധകർക്ക് വളരെ പ്രിയപ്പെട്ടവനാണ്. ടീമിനായി നൂറു ശതമാനം നൽകുന്നതും ആത്മാർത്ഥതയുമാണ് ലൂണയെ ആരാധകരുടെ പ്രിയങ്കരനാക്കി മാറ്റിയത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നായകനായി അഡ്രിയാൻ ലൂണ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ സീസൺ മുഴുവൻ കളിക്കാൻ താരത്തിന് കഴിഞ്ഞില്ല. ഡിസംബറിൽ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാൽ സീസണിന്റെ അവസാനമാണ് താരം ടീമിലേക്ക് തിരിച്ചെത്തിയത്. മികച്ച ഫോമിലുണ്ടായിരുന്ന ടീമിനെ താരത്തിന്റെ പരിക്ക് ബാധിക്കുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ സീസണിലേക്കാൾ മെച്ചപ്പെട്ട ടീമുമായാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. അതിനു പുറമെ വളരെയധികം പരിചയസമ്പത്തുള്ള പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെയും ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിനായി ആദ്യത്തെ കിരീടമുയർത്തുന്ന നായകനായി മാറാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് അഡ്രിയാൻ ലൂണ പറയുന്നത്.

“ഈ ക്ലബിനായി കിരീടമുയർത്തുന്ന ആദ്യത്തെ നായകനാവുകയെന്നതാണ് എന്റെ പ്രധാന ലക്‌ഷ്യം. അതൊരു മനോഹരമായ കാര്യമായിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സിലുള്ളവരും ക്ലബിന്റെ ആരാധകരുമെല്ലാം ഒരു കിരീടം നേടുന്നതിനായി കാത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ എന്റെ പേഴ്‌സണലായ ലക്‌ഷ്യം ഇത്തവണ കിരീടം നേടുകയെന്നതു തന്നെയാണ്.” അഡ്രിയാൻ ലൂണ പറഞ്ഞു.

തന്റെ ആഗ്രഹം നടപ്പിലാക്കാൻ അഡ്രിയാൻ ലൂണക്ക് ഉടനെ തന്നെ അവസരമുണ്ട്. ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിനനുസരിച്ചുള്ള പ്രകടനം നടത്താൻ കഴിഞ്ഞാൽ ഐഎസ്എൽ സീസൺ ആരംഭിക്കുന്നതിനു മുൻപേ തന്നെ ഒരു കിരീടം ബ്ലാസ്റ്റേഴ്‌സിനു സ്വന്തമാകും.