തൊണ്ണൂറു മിനുട്ടും പ്രസ് ചെയ്‌തു കളിക്കാനാവില്ല, സ്റ്റാറെയുടെ ശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്രിയാൻ ലൂണ

മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി മൂന്നു ഔദ്യോഗിക മത്സരങ്ങളിലാണ് ടീമിനെ ഒരുക്കിയത്. അതിൽ രണ്ടെണ്ണത്തിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടിയപ്പോൾ ഒരെണ്ണത്തിൽ സമനിലയായിരുന്നു ഫലം. രണ്ടു മികച്ച വിജയങ്ങളും കുഞ്ഞൻ ടീമുകൾക്കെതിരെ നേടിയപ്പോൾ ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്‌സിക്കെതിരെ ടീം സമനില വഴങ്ങി.

നിരന്തരം പ്രസിങ് നടത്തുകയും പന്ത് കൈവശം വെച്ച് ആക്രമണം നടത്തുകയും ചെയ്യേണ്ടത് പുതിയ പരിശീലകൻ സ്റ്റാറെയുടെ പദ്ധതികളിൽ പ്രധാനമാണ്. അതു തന്നെയാണ് ഇത്രയും മികച്ച വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചത്. എന്നാൽ ഈ ശൈലിയിൽ ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് അഡ്രിയാൻ ലൂണ പറയുന്നത്.

“പുതിയ പരിശീലകന്റെ ആശയങ്ങളും തത്വങ്ങളും മൈതാനത്ത് കാണാൻ കഴിയണമെന്നു തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ടീം ഹൈ പ്രസ്സിങ് നടത്തുന്നതും പന്ത് എത്രയും വേഗം വീണ്ടെടുക്കുന്നതും ഞങ്ങളുടെ ശൈലിയിലുണ്ടെന്നത് നിങ്ങൾക്ക് മനസിലാകും. തൊണ്ണൂറു മിനുട്ടും പ്രസ് ചെയ്യാൻ കഴിയില്ലെന്നതിനാൽ ഇതിനെ കൃത്യമായി മാനേജ് ചെയ്യേണ്ടതുണ്ട്.”

“എപ്പോഴാണ് പിന്നിലേക്ക് വലിയേണ്ടതെന്നും എപ്പോഴാണ് പന്തടക്കം കാത്തു സൂക്ഷിക്കേണ്ടതെന്നും ടീം കൃത്യമായി മനസ്സിലാക്കണമെന്ന് ഞാൻ കരുതുന്നു. ഇതുവരെ ഈ ടീം നല്ല രീതിയിലാണ് കളിക്കുന്നത്, എന്നാൽ ചില സന്ദർഭങ്ങൾ കൃത്യമായി മനസിലാക്കേണ്ടതുണ്ട്. എല്ലായിപ്പോഴും ആക്രമണം നടത്താൻ കഴിയില്ല, അങ്ങിനെ തൊണ്ണൂറ് മിനുട്ട് കളിക്കുന്നത് ബുദ്ധിമുട്ടാണ്.” ലൂണ വ്യക്തമാക്കി.

നിരവധി വർഷങ്ങളായി ഇന്ത്യയിൽ കളിക്കുന്ന ലൂണ സാഹചര്യങ്ങൾ കൂടി മനസിലാക്കിയുള്ള അഭിപ്രായമാണ് നടത്തിയിരിക്കുന്നത്. ഫുൾ ടൈം പ്രസിങ് ശൈലിയുമായി കളിച്ചാൽ സീസണിന്റെ അവസാനമാകുമ്പോഴേക്കും ബേൺഔട്ട് ആകാനും പരിക്കുകൾ വരാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ സാഹചര്യങ്ങൾ അനുസരിച്ച് ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമായ കാര്യമാണ്.