ഡ്യൂറൻഡ് കപ്പിലെ പ്രകടനം മോശമായാൽ വീണ്ടും പ്രീ സീസൺ ക്യാമ്പ്, കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിത്തന്നെയാണ്

പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെ എത്തിയതിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരു ഉണർവ് കാണുന്നുണ്ട്. ഡ്യൂറൻഡ് കപ്പിലെ രണ്ടു മത്സരങ്ങളിൽ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടയിൽ ജയിച്ചത് അതിന്റെ തെളിവാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇനി മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഇവാൻ വുകോമനോവിച്ചിന്റെ ശൈലിയിൽ നിന്നും വ്യത്യസ്‌തമായ സമീപനമാണ് മൈക്കൽ സ്റ്റാറെക്കുള്ളത്. അദ്ദേഹത്തിന്റെ ശൈലി പൂർണതയിൽ എത്തണമെങ്കിൽ താരങ്ങൾ മികച്ച നിലവാരം കളിക്കളത്തിൽ പുലർത്തേണ്ടത് അത്യാവശ്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ടോ എന്നതിന് ഇനി വരാനിരിക്കുന്ന മത്സരങ്ങളാണ് ഉത്തരം നൽകേണ്ടത്.

ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട രണ്ടു ടീമുകളും വളരെ ദുർബലർ ആയിരുന്നു. ഐഎസ്എൽ ടീമായ പഞ്ചാബ് എതിരാളിയായി വന്നപ്പോൾ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയും ചെയ്‌തു. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങളിൽ ടീം എങ്ങിനെ കളിക്കുന്നു എന്നത് ഈ സീസണിൽ ടീം മുന്നേറ്റമുണ്ടാക്കുമോ എന്നറിയാൻ വളരെ പ്രധാനമാണ്.

ഡ്യൂറൻഡ് കപ്പിനു ശേഷം ഒരു പ്രീ സീസൺ ക്യാമ്പ് നടത്താനുള്ള പദ്ധതി കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടൂർണമെന്റിലെ പ്രകടനം മോശമായാൽ യുഎഇയിൽ വെച്ച് പത്ത് ദിവസത്തെ പ്രീ സീസൺ ക്യാമ്പ് നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുണ്ട്. ഇത് ഐഎസ്എൽ സീസണിന് മുൻപ് തയ്യാറെടുക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎസ്എൽ സീസൺ അടുത്തു വന്നുകൊണ്ടിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും തങ്ങളുടെ സൈനിംഗുകൾ മുഴുവനാക്കിയിട്ടില്ല. ഇനി ഒരു വിദേശസ്‌ട്രൈക്കറെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഡ്യൂറൻഡ് കപ്പ് അവസാനിപ്പിക്കുമ്പോഴേക്കും അതിനു കഴിഞ്ഞില്ലെങ്കിൽ പുതിയ സീസണിലെ തയ്യാറെടുപ്പുകളെ ബാധിക്കാനുള്ള സാധ്യതയുണ്ട്.