ആരാധകരുടെ ക്ഷമ പരീക്ഷിക്കരുത്, കയ്യിലുള്ളതിനേയും കൈവിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

ട്രാൻസ്‌ഫർ ജാലകം കഴിഞ്ഞ ദിവസം അവസാനിച്ചതോടെ ഈ സീസണിലെ ടീമിനെ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാക്കി എന്നാണു ഏവരും കരുതിയിരുന്നത്. എന്നാൽ ഒന്നും അവസാനിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ചില ട്രാൻസ്‌ഫർ നീക്കങ്ങൾ കൂടി നടത്താനിടയുണ്ട്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരമായ പ്രീതം കോട്ടാൽ ക്ലബ് വിടാൻ സാധ്യതയുണ്ട്. തന്റെ മുൻ ക്ലബായ മോഹൻ ബഗാനിലേക്ക് തന്നെ തിരിച്ചു പോകാനാണ് പ്രീതം ആഗ്രഹിക്കുന്നത്. താരത്തെ വാങ്ങാൻ മോഹൻ ബഗാൻ ശ്രമിച്ചെങ്കിലും പകരം മറ്റൊരു മികച്ച താരത്തെ വേണമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം കാരണം അതിൽ നിന്നും പിന്മാറി.

എന്നാൽ ആ ട്രാൻസ്‌ഫറിന് ഇനിയും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു താരത്തെ പകരം നൽകി കൈമാറ്റം നടക്കാനുള്ള സാധ്യത തന്നെയാണുള്ളത്. ട്രാൻസ്‌ഫർ വിൻഡോ അവസാനിച്ചതിനാൽ ഇനി താരങ്ങളെ സ്വന്തമാക്കണമെങ്കിൽ അവർ ഫ്രീ ഏജന്റായിരിക്കണം. അതുകൊണ്ടു തന്നെ പ്രീതം കോട്ടാലിന്റെ കരാർ റദ്ദ് ചെയ്യാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നത്.

അതേസമയം ഈ നീക്കങ്ങൾ ആരാധകരുടെ ക്ഷമയെ പരീക്ഷിക്കുന്ന കാര്യമാണെന്നതിൽ യാതൊരു സംശയവുമില്ല. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന സഹലിനെ നൽകിയാണ് പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്. ഇപ്പോൾ സഹലും പ്രീതവും മോഹൻ ബഗാന്റെ താരങ്ങളാകാൻ പോകുന്നു. ഇത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി ആരാധകർ കണക്കാക്കുന്നു.

പ്രീതം പോവുകയാണെങ്കിൽ പകരം മറ്റൊരു മികച്ച താരത്തെ തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷ മാത്രമേ ആരാധകർക്ക് ബാക്കിയുള്ളൂ. അതേസമയം നിലവിൽ ടീമിൽ ഏഴു വിദേശതാരങ്ങളുള്ളതിൽ ഒരാളെ എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അങ്ങിനെ എല്ലാ പദ്ധതികളും താളം തെറ്റിയ അവസ്ഥയാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ ഇപ്പോഴുള്ളത്.