ശക്തമായ ടീമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്, ആരാധകരോഷത്തിനു മറുപടി നൽകി ക്ലബ് നേതൃത്വം
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് നേതൃത്വത്തിനെതിരെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പട നടത്തിയ വിമർശനങ്ങൾക്കെതിരെ മറുപടി നൽകി ക്ലബിന്റെ ഡയറക്റ്ററായ നിഖിൽ ബി നിമ്മഗദ്ദ. ആരാധകരുമായി ചർച്ചകൾ നടത്തുമെന്നും ഇത്തവണ ശക്തമായ ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“കേരള ബ്ലാസ്റ്റേഴ്സ് വലിയൊരു കുടുംബമാണ്. ആരാധകരും ഈ കുടുംബത്തിന്റെ ഭാഗമാണ്. കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ സന്തോഷങ്ങളും പരിഭവങ്ങളും നിരാശകളും പങ്കു വെക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ആരാധകർക്ക് സ്നേഹവും അഭിനിവേശവും ഏറ്റവും ഉയർന്ന രൂപത്തിൽ പ്രകടിപ്പിക്കാൻ അവകാശമുള്ളതു പോലെത്തന്നെ ആശങ്കകൾ പങ്കു വെക്കാനും അവകാശമുണ്ട്.”
Nikhil via manorama pr 🖋️ pic.twitter.com/yJA6QkfDt9
— രുദ്ര (@RudraTrilochan) September 3, 2024
“ആരാധകരുടെ ഈ അവകാശം ഞങ്ങൾ മനസിലാക്കുന്നു. അതേസമയം ആരാധകരുമായി തുറന്ന ചർച്ചകൾ നടത്താനുള്ള നടപടിയുണ്ടാകും.” അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്റ്ററായ കരോലിസിന് എതിരായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു.
“കരോലിസ് വന്നതിനു ശേഷമുള്ള ആദ്യത്തെ സീസൺ ഒഴിച്ചു നിർത്തിയാൽ ടീം മികച്ച പ്രകടനമാണ് നടത്തിയത്. ക്ലബ് ആരംഭിച്ച മുതൽ ഞങ്ങളല്ല ഉടമകൾ, 2017ലാണ് ഞങ്ങൾ വരുന്നത്, ഫുട്ബോൾ ഓപ്പറേഷൻസ് ചുമതല ഏറ്റെടുത്തത് 2021ലും. കരോലിസ് ടീമിലേക്ക് വരുന്നത് അങ്ങിനെയാണ്.”
“ക്ലബ് നടത്തിയ പുതിയ റിക്രൂട്ട്മെന്റുകളെക്കുറിച്ച് ആശങ്കകളൊന്നും തന്നെ വേണ്ടതില്ല. സൈനിങ്ങ് വൈകിയതിൽ ആരാധകർക്കുള്ള അക്ഷമ ഞങ്ങൾ മനസിലാക്കുന്നു. ഈ സീസണിൽ ശക്തമായ ടീം തന്നെയാണ് നമുക്കുള്ളത്.” നിഖിൽ വ്യക്തമാക്കി.
ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചതെങ്കിലും ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയിരുന്നു. അതിനു പിന്നാലെയാണ് സൈനിംഗുകൾ വൈകുന്നതിൽ ആരാധകർ പ്രതിഷേധം കാണിച്ചത്. സീസണിലും മോശം പ്രകടനം നടത്തിയാൽ ആരാധകർ കൈവിടുമെന്ന് ഉറപ്പാണ്.