മരിയോ ബലോട്ടെല്ലിയെ നാണം കെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്, സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്നു വെച്ചത് ഇക്കാരണങ്ങളാൽ

ഫുട്ബോൾ ലോകത്ത് ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു മരിയോ ബലോട്ടെല്ലി. മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ, എസി മിലാൻ, ലിവർപൂൾ തുടങ്ങി നിരവധി പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം നിരവധി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2012 യൂറോ കപ്പിൽ ജർമനിക്കെതിരെ ഗോൾ നേടിയതിനു ശേഷമുള്ള താരത്തിന്റെ ആഘോഷത്തിന് ഇപ്പോഴും ആരാധകർ നിരവധിയാണ്.

ബലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള അവസരം കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്നു വെച്ചുവെന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രധാനപ്പെട്ട വാർത്തകളിലൊന്ന്. മാർക്കറ്റിൽ ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഫ്രീ ഏജന്റായ ബലോട്ടെല്ലിയെ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഇറ്റാലിയൻ താരത്തെ വേണ്ടെന്നു വെക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്‌തത്‌.

രണ്ടു കാരണങ്ങൾ കൊണ്ടാണ് ബലോട്ടെല്ലിയെ കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടെന്നു വെച്ചത്. ലോകഫുട്ബോളിൽ താരത്തിന്റെ സ്റ്റാറ്റസ് പരിഗണിച്ച് ട്രാൻസ്‌ഫർ മുന്നോട്ടു കൊണ്ടു പോകാൻ ബ്ലാസ്റ്റേഴ്‌സിന് ആശങ്കകൾ ഉണ്ടായിരുന്നു. അതിനു പുറമെ ഇതിനു മുൻപ് കളിച്ച ക്ലബുകളിൽ ബലോട്ടെല്ലി ഉണ്ടാക്കിയ വിവാദങ്ങളും താരത്തിനെ വേണ്ടെന്നു വെക്കാൻ കാരണമായി.

കളിക്കളത്തിലും പുറത്തും വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ ബലോട്ടെല്ലി എന്നും മുൻപിലായിരുന്നു. കഴിഞ്ഞ സീസണിൽ കളിച്ച തുർക്കിഷ് ക്ലബിലെ സഹതാരത്തിനു നേരെ ഡ്രസിങ് റൂമിൽ വെച്ച് പടക്കം എറിഞ്ഞു പൊട്ടിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. മാഞ്ചസ്റ്റർ സിറ്റിയിലായിരുന്ന സമയത്ത് മാഞ്ചസ്റ്റർ ഡെർബിക്ക് മുൻപ് സുഹൃത്തുക്കളുമായി പടക്കം പൊട്ടിച്ചതിനെ തുടർന്ന് താരത്തിന്റെ വീടിനു തീ പിടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

നിലവിൽ ഫ്രീ ഏജന്റായ ബലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള അവസരം കേരള ബ്ലാസ്റ്റേഴ്‌സ് തഴഞ്ഞത് താരത്തിന് നാണക്കേടായിട്ടുണ്ടെന്നാണ് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്തായാലും സ്പോർട്ടിങ് തലത്തിൽ നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എടുത്ത തീരുമാനം ശരിയായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ ബലോട്ടെല്ലി എത്തിയിരുന്നെങ്കിൽ അത് കൂടുതൽ ആവേശം ഉണ്ടാക്കുമായിരുന്നു.