മധ്യനിരയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ തന്ത്രവുമായി സ്റ്റാറെ, മൊഹമ്മദൻസിനെതിരെ വിജയം നേടിത്തന്ന തന്ത്രം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ഒരുപാട് പോരായ്‌മകൾ ഉണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിൽ തന്നെ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം ഡിഫെൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കാൻ മികച്ചൊരു താരമില്ലെന്നതാണ്. ജിക്‌സൻ സിങ് ക്ലബ് വിട്ടതാണ് ആ പൊസിഷനിൽ വലിയൊരു പ്രതിസന്ധിക്ക് കാരണമായത്.

പ്രതിരോധനിരയെയും മധ്യനിരയെയും കൂട്ടിച്ചേർക്കുന്ന കണ്ണി, എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന പ്രധാനപ്പെട്ട പൊസിഷൻ എന്നതെല്ലാം കാരണം ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷൻ വളരെ പ്രധാനപ്പെട്ടതാണ്. ഡ്യൂറൻഡ് കപ്പിൽ ആ പൊസിഷനിൽ മികച്ചൊരു താരമില്ലാതെ കളിച്ചത് ക്വാർട്ടർ ഫൈനലിൽ എതിരാളികളുടെ ആധിപത്യത്തിന് കാരണമായിരുന്നു.

കഴിഞ്ഞ ദിവസം മൊഹമ്മദൻസുമായി ബ്ലാസ്റ്റേഴ്‌സ് നടത്തിയ സൗഹൃദ മത്സരത്തിലൂടെ ആ പൊസിഷനിൽ മികച്ചൊരു താരമില്ലെന്ന പ്രശ്‌നം സ്റ്റാറെ പരിഹരിച്ചുവെന്നാണ് കരുതേണ്ടത്. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിലെത്തിയ ഫ്രഞ്ച് പ്രതിരോധതാരമായ അലക്‌സാണ്ടറെ കൊയെഫിനെ ആ പൊസിഷനിൽ ഇറക്കിയാണ് സ്റ്റാറെ പുതിയൊരു തന്ത്രം പരീക്ഷിച്ചത്.

ബെംഗളൂരുവിനെതിരെ പകരക്കാരനായി ഇറങ്ങിയ കൊയെഫ് മികച്ച പാസുകളാണ് പിന്നിൽ നിന്നും നൽകിയിരുന്നത്. അതിൽ മികവുള്ള താരത്തിന് പുതിയ പൊസിഷൻ നന്നായി ചേരുമെന്ന് കഴിഞ്ഞ മത്സരവും തെളിയിച്ചു. മൊഹമ്മദൻസിനെതിരെ നോഹ സദോയി നേടിയ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ പാസ് നൽകിയത് ഫ്രഞ്ച് താരമായിരുന്നു.

ഐഎസ്എൽ ആരംഭിക്കുമ്പോഴും ഇതേ രീതി തന്നെ സ്റ്റാറെ പിന്തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ അങ്ങിനെ ചെയ്‌താൽ അത് ടീമിന് ഗുണം ചെയ്യും. പരിക്കിൽ നിന്നും മോചിതനായി വിപിൻ മോഹനൻ തിരിച്ചെത്തുന്നത് വരെയെങ്കിലും ഈ രീതി പിന്തുടരുന്നത് നല്ലതാണ്. അതല്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് പിടിപ്പതു പണിയായിരിക്കും.