യൂറോപ്പിൽ പോലും ഇങ്ങിനെയൊരു ഇതുപോലെയൊരു ക്ലബിനെ എനിക്കറിയില്ല, ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കൊയെഫ്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കൊച്ചിയുടെ മൈതാനത്ത് നൽകുന്ന ആമ്പിയൻസിനേയും ആവേശത്തെയും പ്രശംസിച്ച് ടീമിലേക്ക് പുതിയതായി എത്തിയ വിദേശതാരം അലക്‌സാണ്ടർ കൊയെഫ്. ഫ്രഞ്ച് താരമായ അലക്‌സാണ്ടർ കൊയെഫ് ആദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്നത്.

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിലാണ് കൊയെഫ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. സെന്റർ ബാക്കാണെങ്കിലും ഇപ്പോൾ ഡിഫെൻസിവ് മിഡ്‌ഫീൽഡറായി കളിക്കുന്ന കൊയെഫ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തിരഞ്ഞെടുക്കാൻ ആരാധകർ ഒരു കാരണമായെന്ന് പറഞ്ഞു.

“ഈ ക്ലബിനെയും ആരാധകരെയും കാണുമ്പോൾ അവിശ്വസനീയമായി തോന്നും. യൂറോപ്പിൽ പോലും ഇതുപോലെയൊരു ക്ലബിനെ എനിക്കറിയില്ല. ഇവിടേക്ക് വരികയെന്നതും കരാർ ഒപ്പിടുകയെന്നതും എന്നെ സംബന്ധിച്ച് സ്വാഭാവികമായ കാര്യമായിരുന്നു.” കൊയെഫ് കഴിഞ്ഞ ദിവസം പറഞ്ഞു.

യൂറോപ്പിലെ വമ്പൻ ലീഗുകളായ സ്‌പാനിഷ്‌ ലീഗിലെയും ഫ്രഞ്ച് ലീഗിലെയും ക്ലബുകളിൽ കളിച്ചിട്ടുള്ള താരമായ കൊയെഫ്. അത്രയും പരിചയസമ്പത്തുള്ള, നിരവധി വമ്പൻ സ്റ്റേഡിയങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് കൊച്ചിയിലെ ആമ്പിയൻസിനെ പ്രശംസിക്കുന്നതെന്നത് അഭിമാനിക്കാൻ വക നൽകുന്നതാണ്.

ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയോടെ കാണുന്ന സൈനിങാണ് കൊയെഫ്. പരിചയസമ്പത്ത് ഒരുപാടുള്ള താരം മികച്ച പ്രകടനം ആദ്യത്തെ മത്സരത്തിൽ നടത്തിയിരുന്നു. ഈ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഫോമിലെത്തിക്കാൻ താരത്തിന് കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.