ഇതിലും മികച്ച പ്രകടനം കാണാൻ കഴിയും, ആരാധകർക്ക് പ്രതീക്ഷ നൽകി മൈക്കൽ സ്റ്റാറെ

ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നിൽ നിന്നും പൊരുതി നേടിയ വിജയം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആദ്യത്തെ വിജയം എന്നതിലുപരിയായി പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ ഇന്ത്യൻ സൂപ്പർ ലീഗിൽ നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു.

ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്ന് പതറിയെങ്കിലും ഒരു ഗോൾ വഴങ്ങിയതിനു ശേഷം ടീം മികച്ച രീതിയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി. അവസാനനിമിഷങ്ങളിൽ ആഞ്ഞടിച്ച ടീം അർഹിച്ച വിജയം തന്നെയാണ് ഈസ്റ്റ് ബംഗാളിനെതിരെ സ്വന്തമാക്കിയത്.

“കഴിഞ്ഞ മത്സരത്തേക്കാൾ മികച്ച രീതിയിൽ ടീമിനെ സംഘടിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമായിരുന്നു. ചില സമയത്ത് മത്സരങ്ങൾ വിശകലനം ചെയ്യാൻ എളുപ്പമാണ്, ഞങ്ങൾ കുറേക്കൂടി മികച്ച രീതിയിൽ പന്ത് കൈവശം വെച്ചു. ഭാവിയിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയും.” സ്റ്റാറെ പറഞ്ഞു.

ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ അഡ്രിയാൻ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പൊരുതി വിജയം നേടിയത്. മൈക്കൽ സ്റ്റാറെ എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് മത്സരം തെളിയിക്കുന്നുണ്ട്.

അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത് നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെയാണ്. മോഹൻ ബഗാനെ ഡ്യൂറൻഡ് കപ്പ് ഫൈനലിൽ കീഴടക്കുകയും കഴിഞ്ഞ മത്സരത്തിൽ അവരെ വിറപ്പിക്കുകയും ചെയ്‌ത നോർത്ത്ഈസ്റ്റ് ബ്ലാസ്റ്റേഴ്‌സിന് വലിയൊരു വെല്ലുവിളി തന്നെയാണ്.