വെള്ളയിട്ട ഇവാനാശാന്റെ കാലം കഴിഞ്ഞു, ഇനി കറുപ്പണിഞ്ഞ മൈക്കിളപ്പന്റെ ദിനങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യത്തെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ആരാധകർ. ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിലായതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

മത്സരത്തിലെ വിജയത്തിന് നന്ദി പറയേണ്ടത് സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞ ആരാധകരോടും പരിശീലകൻ മൈക്കൽ സ്റ്റാറെയോടുമാണ്. ആരാധകർ നൽകിയ ഗംഭീര പിന്തുണയുടെ ആവേശത്തിൽ താരങ്ങൾ മികച്ച ഊർജ്ജത്തോടെ കളിച്ചതാണ് ടീമിന്റെ വിജയത്തിനു വഴിയൊരുക്കിയത്.

പരിശീലകൻ മൈക്കൽ സ്റ്റാറെയും ടീമിന് വലിയ രീതിയിലുള്ള പ്രചോദനം നൽകി. കൃത്യമായി പകരക്കാരെ ഇറക്കിയും ടീമിന്റെ ശൈലിയിൽ മാറ്റം വരുത്തിയും വിജയത്തിന് വേണ്ട തന്ത്രങ്ങൾ ഒരുക്കിയ അദ്ദേഹം അവസാനം വരെ ടീമിലെ താരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.

ഇവാൻ വുകോമനോവിച്ചിൽ നിന്നും സ്റ്റാറെക്കുള്ള മാറ്റവും കഴിഞ്ഞ മത്സരത്തിൽ വ്യക്തമായിരുന്നു. ഇവാൻ വുകോമനോവിച്ച് ഡഗ് ഔട്ടിൽ സൈലന്റായി നിൽക്കുന്ന വ്യക്തിയാണെങ്കിൽ മൈക്കൽ സ്റ്റാറെ അവസാനം വരെ ടീമിനെ പിന്നാലെ നടന്നു കളിപ്പിക്കുന്ന പരിശീലകനാണ്.

ടീമിനെ മികച്ച ഫോമിലേക്ക് നയിക്കാൻ കഴിയുമെന്ന് സ്റ്റാറെ കഴിഞ്ഞ മത്സരത്തിൽ തെളിയിച്ചു. ഇനി നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കാനിരിക്കുന്ന മത്സരം പ്രധാന കടമ്പയാണ്. മികച്ച ഫോമിലുള്ള അവർക്കെതിരെ വിജയിക്കാൻ കഴിഞ്ഞാൽ ഈ സീസണിൽ കൂടുതൽ മുന്നേറാൻ ടീമിന് കഴിയും.