ഈ ആരാധകപ്പടയുടെ ഭാഗമാകാനാണ് ഞാൻ ഇവിടെയെത്തിയത്, ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ പ്രശംസിച്ച് ജീസസ് ജിമിനസ്

ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയ സൈനിങാണ് സ്‌പാനിഷ്‌ സ്‌ട്രൈക്കർ ജീസസ് ജിമിനസിന്റേത്. നിരവധി താരങ്ങളെ ലക്ഷ്യമിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ മുപ്പതുകാരനായ ജീസസ് ജിമിനസിനെ സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജീസസ് ജിമിനസ് ടീമിനായി ഇറങ്ങിയിരുന്നു. ആദ്യത്തെ മത്സരത്തിൽ ഒരു ഗോൾ നേടിയ താരം രണ്ടാമത്തെ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയത്. മുന്നേറ്റനിരയിൽ ഒത്തിണക്കത്തോടെ കളിക്കാൻ താരത്തിന് കഴിയുന്നുണ്ട്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറാനുണ്ടായ കാരണത്തെക്കുറിച്ച് ജീസസ് വെളിപ്പെടുത്തിയിരുന്നു. ടീമിന് ശക്തമായ പിന്തുണ നൽകുന്ന ആരാധകർ തന്നെയാണ് തന്നെ ഇവിടേക്ക് വരാൻ പ്രേരിപ്പിച്ചതെന്നാണ് ജീസസ് പറഞ്ഞത്.

“കേരളത്തിലെ ഈ വലിയ ഫാൻ ബേസിന്റെ ഭാഗമാകാൻ കൂടിയാണ് ഞാൻ ഇവിടെയെത്തിയത്. ആരാധകർക്ക് വേണ്ടി കളിക്കുക മനോഹരമായ കാര്യമാണ്, കാരണം ഞാൻ ഫുട്ബോൾ താരമാകുന്നത് ആരാധകർ കാരണമാണ്. ഇന്ത്യയിയിലെ പുതിയ ഉദ്യമം എന്നെ ആവേശത്തിലാക്കുന്നു.” ജിമിനസ് പറഞ്ഞു.

മുന്നേറ്റനിരയിൽ മികച്ച പാസിംഗ് മൂവ്മെന്റുകൾ നടത്താൻ തനിക്ക് കഴിയുമെന്ന് ജീസസ് ജിമിനാസ് കഴിഞ്ഞ മത്സരത്തിൽ കഴിഞ്ഞു. നോഹ സദോയിക്ക് നല്ലൊരു പങ്കാളിയാകാൻ താരത്തിന് കഴിയും. കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ ഇനിയും മെച്ചപ്പെടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.