ടീമിന് വേണ്ടി ഗോൾകീപ്പറായി കളിക്കാനും തയ്യാറാണ്, പൊസിഷൻ മാറിയെങ്കിലും മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ച് കൊയെഫ്

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഈ സീസണിലാണ് ഫ്രഞ്ച് താരമായ അലസാൻഡ്രെ കൊയെഫ് എത്തുന്നത്. ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം യൂറോപ്പിൽ വളരെയധികം പരിചയസമ്പത്തോടെയാണ് ഇന്ത്യയിൽ കളിക്കുന്നത്.

പ്രധാന പൊസിഷൻ സെന്റർ ബാക്കാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ആ പൊസിഷനിലല്ല കൊയെഫ് കളിച്ചിരിക്കുന്നത്. മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനായി എത്തിയ താരം ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിലാണ് ഇറങ്ങിയത്.

“ഞാൻ മിഡ്‌ഫീൽഡിൽ കളിച്ചു പരിചയമുള്ള താരമാണ്, എനിക്കത് ഇഷ്‌ടവുമാണ്. എനിക്ക് ഏതു പൊസിഷനിലും കളിക്കാൻ കഴിയും, പിച്ചിൽ ഉണ്ടായാൽ മതിയെന്നേയുള്ളൂ. ഗോൾകീപ്പറായി എന്നെ കളിപ്പിച്ചാലും എനിക്ക് സന്തോഷമേയുള്ളൂ.” കൊയെഫ് പറഞ്ഞു.

സെന്റർ ബാക്കായ താരം മിഡ്‌ഫീൽഡ് പൊസിഷനിലാണ് കളിക്കുന്നതെങ്കിലും മികച്ച പ്രകടനം നടത്താൻ കൊയെഫിനു കഴിയുന്നുണ്ട്. പാസുകളിലൂടെ മുന്നേറുന്ന സ്റ്റാറെയുടെ ശൈലിക്ക് അനുയോജ്യമായ പ്രകടനമാണ് താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും നടത്തിയത്.

ഡിഫെൻസിൽ പ്രീതം കോട്ടാൽ ഫോമിലേക്ക് വന്നതിനാൽ ഈ സീസണിൽ കൂടുതൽ മത്സരങ്ങൾ കൊയെഫ് മധ്യനിരയിൽ കളിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഏതു പൊസിഷനാണെങ്കിലും ടീമിന് തന്നെ വിശ്വസിക്കാമെന്നാണ് താരം വ്യക്തമാക്കുന്നത്.