വമ്പൻ രാജ്യങ്ങൾ മത്സരിക്കുന്ന യുവേഫ നേഷൻസ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേരും മുഴങ്ങി, ഇത് അഭിമാനനിമിഷം

ലോകഫുട്ബോളിനെ വെച്ച് വിശകലനം ചെയ്യുകയാണെങ്കിൽ വളരെ ചെറിയൊരു ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടു മാത്രം പിന്നിട്ട, ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിയാത്ത ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന് എതിരാളികൾ പലപ്പോഴും കളിയാക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ആരാധകരുടെ കരുത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിയുന്നു. സ്റ്റേഡിയം ആമ്പിയൻസിന്റെ കാര്യത്തിലും ലോകത്തിലെ തന്നെ വമ്പൻ ടീമുകളുമായി ഫാൻസ്‌ പവറിന്റെ കാര്യത്തിൽ മുട്ടി നിൽക്കാനും ബ്ലാസ്റ്റേഴ്‌സിന് കഴിയും.

ഇപ്പോൾ മറ്റൊരു അഭിമാനനിമിഷം കൂടി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടായിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിൽ ലോണിൽ കളിച്ചിരുന്ന ഇവാൻ കലിയുഷ്‌നി കഴിഞ്ഞ ദിവസം യുക്രൈൻ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത് ബ്ലാസ്റ്റേഴ്‌സിനും അഭിമാനം നൽകുന്നതാണ്.

മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനമാണ് ഇവാൻ കലിയുഷ്‌നി നടത്തിയത്. എൺപത്തിയൊമ്പതാം മിനുട്ടിൽ താരത്തെ പിൻവലിക്കുമ്പോൾ മത്സരത്തിന്റെ കമന്റേറ്റർ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേരും പരാമർശിച്ചിരുന്നു. യൂറോപ്പിലെ ഒരു വമ്പൻ ടൂർണമെന്റിനിടയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പേര് കേൾക്കുന്നത് അസാധാരണമായ കാര്യം തന്നെയാണ്.

2022-23 സീസണിൽ മാത്രമാണ് ഇവാൻ കലിയുഷ്‌നി കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിട്ടുള്ളത്. എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറന്നിട്ടില്ല. യുക്രൈൻ ടീമിൽ കളിക്കുമ്പോൾ താരത്തിന് ഇനിയും പിന്തുണ നൽകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഉണ്ടാകുമെന്നുറപ്പാണ്.