ഇവാന്റെയും സ്റ്റാറെയുടെയും ശൈലിയിലുള്ള വ്യത്യാസമെന്താണ്, ബ്ലാസ്റ്റേഴ്‌സ് താരം വിബിൻ മോഹനൻ വ്യക്തമാക്കുന്നു

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ വലിയൊരു മാറ്റമുണ്ടായത് മൂന്നു വർഷം പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ചിന് പകരം സ്വീഡിഷ് മാനേജർ മൈക്കൽ സ്റ്റാറെ ടീമിന്റെ സ്ഥാനം ഏറ്റെടുത്തതാണ്. ഒന്നര പതിറ്റാണ്ടിലധികം കോച്ചിങ് അനുഭവസമ്പത്തുള്ള പരിശീലകനാണ് സ്റ്റാറെ.

സ്റ്റാറെ വന്നതിന്റെ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിൽ കാണുന്നുണ്ട്. നാല് മത്സരങ്ങൾ കളിച്ച ടീം ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചതെങ്കിലും ടീമിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ പിഴവുകൾ കാരണമാണ് രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്.

കഴിഞ്ഞ ദിവസം ഇവാൻ വുകോമനോവിച്ചിൽ നിന്നും മൈക്കൽ സ്റ്റാറെയിലേക്ക് എത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടീമിലുണ്ടായ വ്യത്യാസം വിബിൻ മോഹനൻ വെളിപ്പെടുത്തിയിരുന്നു. ഓരോ പരിശീലകന്റെയും ശൈലി വ്യത്യസ്‌തമാണെന്നും കഴിഞ്ഞ സീസണിൽ 4-4-2 ശൈലിയിലാണ് ടീം കളിച്ചിരുന്നതെന്നും വിബിൻ പറഞ്ഞു.

“അപ്പോൾ രണ്ടു മുന്നേറ്റനിര താരങ്ങൾ എന്ന ചോയ്‌സാണ് ഉണ്ടാവുക, ഇപ്പോൾ ശൈലി മാറിയിരിക്കുന്നു. സ്റ്റാറെക്ക് കീഴിൽ വൈഡായി കളിക്കുന്ന താരങ്ങൾ കട്ട് ഇന്സൈഡ് ചെയ്‌ത്‌ സ്‌ട്രൈക്കർക്കൊപ്പം ചേരുന്നു. അതിനാൽ പാസ് നൽകാൻ നാല് മുന്നേറ്റനിര താരങ്ങൾ വരെയുണ്ടാകും. ശൈലി മാറുമ്പോൾ എന്റെ ഉത്തരവാദിത്വം എനിക്കറിയാം.” വിബിൻ പറഞ്ഞു.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് വിബിൻ മോഹനൻ. നിരവധി തവണ മൈക്കൽ സ്റ്റാറെ താരത്തെ പ്രശംസിച്ചിരുന്നു. പരിക്ക് കാരണം പ്രീ സീസണിൽ ഒരു മത്സരം പോലും കളിക്കാതെയാണ് വിബിൻ സീസണിൽ മികച്ച പ്രകടനം നടത്തിയത്.