എന്തു കൊണ്ടാണ് പഴയ ഫോമിലേക്കെത്താൻ കഴിയാത്തത്, അഡ്രിയാൻ ലൂണ പറയുന്നു

കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അഡ്രിയാൻ ലൂണ. ഐഎസ്എല്ലിൽ തന്നെ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിക്കുന്ന താരങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടാവാറുള്ള ലൂണക്ക് പക്ഷെ ഈ സീസണിൽ ആ ഫോം ആവർത്തിക്കാൻ കഴിയുന്നില്ലെന്നത് സത്യമാണ്.

കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് സീസൺ ഭൂരിഭാഗവും നഷ്‌ടമായിരുന്നു. ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ കളിച്ചെങ്കിലും അതിനു ശേഷം ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഐഎസ്എല്ലിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളും താരത്തിന് നഷ്‌ടമായി.

പരിക്കിൽ നിന്നും മോചിതനാകാൻ സമയമെടുത്തതും അതിനു ശേഷം ഡെങ്കിപ്പനി ബാധിച്ചതുമെല്ലാം കാരണം തുടർച്ചയായി മത്സരങ്ങൾ കളിക്കാൻ ലൂണക്ക് കഴിഞ്ഞിട്ടില്ല. അത് തന്റെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്ക് വരാൻ കാരണമായിട്ടുണ്ടെന്നാണ് ലൂണ കഴിഞ്ഞ ദിവസം പറഞ്ഞത്.

“ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഒരു മത്സരത്തിൽ മുഴുവൻ സമയം കളിക്കുന്നത് മൊഹമ്മദൻസിന് എതിരെയാണ്. ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് എനിക്കറിയാം, അതിനെന്റെ കാലുകൾക്ക് കൂടുതൽ മിനുട്ടുകൾ ലഭിക്കണം. മത്സരം വിജയിച്ചത് പ്രധാനമായിരുന്നു.” ലൂണ പറഞ്ഞു.

ഇന്ന് ബംഗളൂരുവിനെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ താരത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഒരു മത്സരത്തിൽ പോലും തോൽവിയില്ലാതെ, ഒരു ഗോൾ പോലും വഴങ്ങാതെ എത്തുന്ന ബെംഗളൂരു വലിയ ഭീഷണി തന്നെയാണ്.