നടപ്പിലാക്കിയ തന്ത്രങ്ങൾ കൃത്യമായിരുന്നു, മത്സരഫലത്തിൽ നിരാശയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരേസമയം നിരാശയും സന്തോഷവും നൽകിയ ഒരു മത്സരമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തിൽ തോൽവി വഴങ്ങിയത് നിരാശയായെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുഴുവൻ സമയവും ആധിപത്യം പുലർത്തിയെന്നത് ആരാധകർക്ക് സന്തോഷമുണ്ടാക്കിയ കാര്യമാണ്.

കഴിഞ്ഞ മത്സരങ്ങളിലേതു പോലെത്തന്നെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് എതിരാളികൾക്ക് ഗോളുകൾ സംഭാവന ചെയ്‌തത്‌. ആദ്യത്തെ ഗോളിന് പ്രീതം കോട്ടാലിന്റെ പിഴവ് കാരണമായപ്പോൾ രണ്ടാമത്തെ ഗോളിന് ഗോൾകീപ്പർ സോം കുമാറാണ് പിഴവ് വരുത്തിയത്.

എന്നാൽ മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സ് പൂർണമായ ആധിപത്യം പുലർത്തിയിരുന്നു. നോഹ കളിക്കാതിരുന്നിട്ടും ബെംഗളൂരുവിനെതിരെ നിരന്തരം ആക്രമണങ്ങൾ സംഘടിപ്പിച്ചു കൊണ്ടിരുന്ന ടീമിന്റെ തന്ത്രങ്ങൾ വിജയിച്ചെങ്കിലും മത്സരഫലത്തിൽ നിരാശയുണ്ടെന്നാണ് സ്റ്റാറെ പറഞ്ഞത്.

“ഞങ്ങൾ തീവ്രമായി കളിക്കാൻ ശ്രമിക്കുകയും ആ തീവ്രത നിലനിർത്തുകയും ചെയ്‌തു. തന്ത്രങ്ങൾ കൃത്യമായി നടപ്പിലാക്കുകയും താരങ്ങൾ അതിനോട് ചേർന്നു പ്രവർത്തിക്കുകയും ചെയ്‌തു. എങ്കിലും ഇത്രയും കാണികളുടെ മുന്നിൽ വിജയിക്കാൻ കഴിയാഞ്ഞതിൽ നിരാശയുണ്ട്” സ്വീഡിഷ് പരിശീലകൻ പറഞ്ഞു.

സമീപകാലത്ത് ബ്ലാസ്റ്റേഴ്‌സ് കളിച്ച ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു ബെംഗളൂരുവിന് എതിരെ നടന്നത്. എന്നാൽ വ്യക്തിഗത പിഴവുകൾ ടീമിന് തിരിച്ചടി നൽകി. അത്തരം പ്രശ്‌നങ്ങൾ പരിഹരിച്ച് പ്രതിരോധം കരുത്തുറ്റതാക്കിയാൽ ബ്ലാസ്റ്റേഴ്‌സിന് ഏതു ടീമിനെയും കീഴടക്കാൻ കഴിയും.