ആദ്യം മുതൽ അവസാനം വരെ അവിശ്വസനീയമായ ഊർജ്ജം, എന്ത് മായാജാലമാണ് മൈക്കൽ സ്റ്റാറെ ടീമിൽ നടത്തിയത്

കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത്. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്.

എന്നാൽ ഈ തോൽവിയിലും ആരാധകർ ടീമിനെയും പരിശീലകനെയും കുറ്റപ്പെടുത്തുന്നില്ല. വ്യക്തിഗത പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമായിരുന്നുവെന്നും അത്രയും മികച്ച കളിയാണ് ടീം കാഴ്‌ച വെച്ചതെന്നും എല്ലാവരും സമ്മതിക്കുന്നു.

മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തിയതിനു ശേഷം ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇന്നലത്തെ മത്സരം വ്യക്തമാക്കുന്നു. ടീമിലെ താരങ്ങളെല്ലാം, ആദ്യം മുതൽ അവസാനം വരെ അവിശ്വസനീയമായ ഊർജ്ജത്തോടെയും തീവ്രതയോടെയുമാണ് വിജയത്തിന് വേണ്ടി പൊരുതുന്നത്.

ഒരു ഗോൾ വഴങ്ങിയതിനു ശേഷം അതിൽ നിരാശപ്പെട്ടു നിൽക്കാതെ ഇരട്ടി കരുത്തോടെ ആക്രമണങ്ങൾ സംഘടിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്നലെ കഴിഞ്ഞു. ഈ പോസിറ്റിവ് മനോഭാവം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി കേരള ബ്ലാസ്റ്റേഴ്‌സിൽ പ്രകടനമാണ്.

സ്റ്റാറെയുടെ വരവ് ടീമിൽ പോസിറ്റിവായ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് വളരെ വ്യക്തമാണ്. എന്നാൽ താരങ്ങളുടെ വ്യക്തിഗത പിഴവുകളും കുറച്ചു കൂടി മെച്ചപ്പെട്ട ഒരു സ്‌ക്വാഡും അദ്ദേഹം അർഹിക്കുന്നു. എങ്കിൽ ടീമിനെക്കൊണ്ട് അത്ഭുതങ്ങൾ കാണിക്കാൻ അദ്ദേഹത്തിന് കഴിയും.