ഇതാണ് ഹീറോയിസം, എല്ലാ വിമർശകരുടെയും വായടപ്പിച്ച കട്ട ഹീറോയിസം
ഫുട്ബോൾ ആരാധകരിൽ പലർക്കും, പ്രത്യേകിച്ച് അർജന്റീന ടീമിന്റെ എതിർചേരിയിൽ നിൽക്കുന്നവർക്ക് എമിലിയാനോ മാർട്ടിനസ് അത്ര പ്രിയങ്കരനല്ല. 2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയതിനു ശേഷം എംബാപ്പെ അടക്കമുള്ളവരെ കളിയാക്കിയത് അതിനൊരു കാരണമായിരുന്നു.
പിന്നീട് എമിലിയാനോ മാർട്ടിനസിനെ കാണുമ്പോഴെല്ലാം ഫ്രഞ്ച് ആരാധകർ കൂക്കിവിളിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്നതിനുള്ള ചടങ്ങിൽ ഭാര്യക്കൊപ്പം എത്തിയപ്പോഴും കൂക്കിവിളികൾ താരത്തിനെതിരെ ഉയർന്നിരുന്നു.
EMI MARTÍNEZ THE WORLD'S NUMBER ONE…
AGAIN ⭐️⭐️ pic.twitter.com/vWvB3ShhKQ
— Aston Villa (@AVFCOfficial) October 28, 2024
എന്നാൽ ചടങ്ങിൽ നിന്നും എമിലിയാനോ മാർട്ടിനസ് മടങ്ങിയത് ചരിത്രത്തിൽ ഒരു ഗോൾകീപ്പർക്കും നേടാൻ കഴിയാത്ത റെക്കോർഡുമായാണ്. ബാലൺ ഡി ഓർ ചടങ്ങിൽ മികച്ച ഗോൾകീപ്പർക്ക് നൽകുന്ന പുരസ്‌കാരമായ യാഷിൻ ട്രോഫി സ്വന്തമാക്കിയത് എമിലിയാനോ മാർട്ടിനസാണ്.
ഇതാദ്യമായാണ് തുടർച്ചയായി രണ്ടു വർഷം ഒരേ ഗോൾകീപ്പർ തന്നെ യാഷിൻ ട്രോഫി സ്വന്തമാക്കുന്നത്. സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകാൻ പങ്കു വഹിച്ചതും ആസ്റ്റൺ വില്ലക്കൊപ്പമുള്ള പ്രകടവുമാണ് എമിയെ നേട്ടത്തിലെത്തിച്ചത്.
എത്ര വിമർശനം ഉണ്ടായാലും തന്റെ ആത്മവിശ്വാസത്തെ അത് ബാധിക്കില്ലെന്ന് എമി ഇതിലൂടെ തെളിയിക്കുന്നു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ആസ്റ്റൺ വില്ലക്കൊപ്പം കിരീടം നേടുകയെന്ന ലക്ഷ്യമാണ് ഇനി എമിക്ക് ബാക്കിയുള്ളത്.