വിജയം കൂടിയേ തീരൂ, ഐഎസ്എല്ലിലെ കരുത്തന്മാരെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും മത്സരഫലങ്ങൾ അതിനെ പ്രതിഫലിപ്പിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പല മത്സരങ്ങളിലും വ്യക്തിഗത പിഴവുകൾ തിരിച്ചടി നൽകുന്നത് അർഹിച്ച ഫലങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകുന്നു.

ആറു മത്സരങ്ങൾ കളിച്ചതിൽ രണ്ടു വിജയവും രണ്ടു സമനിലയും രണ്ടു തോൽവിയും നേരിട്ട് നിലവിൽ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാളത്തെ മത്സരത്തിൽ കഴിഞ്ഞ സീസണിലെ ഐഎസ്എൽ ജേതാക്കളായ മുംബൈയെ നേരിടാൻ പോവുകയാണ്.

മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വിജയം കൂടിയേ തീരൂവെന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും അർഹിച്ച റിസൾട്ട് കിട്ടാതിരിക്കാൻ കാരണമായ വ്യക്തിഗത പിഴവുകൾ വീണ്ടും ആവർത്തിക്കുന്നത് ആരാധകർ അംഗീകരിക്കില്ല.

മുംബൈ സിറ്റി ഈ സീസണിൽ മികച്ച ഫോമിലല്ലെന്നത് ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നൽകുന്നു. അഞ്ചു മത്സരങ്ങൾ കളിച്ച അവർ ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത്. നാളത്തെ മത്സരത്തിൽ വിജയം നേടിയാൽ കേരള ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും കഴിയും.

മുന്നേറ്റനിര മികച്ച പ്രകടനം നടത്തുമ്പോൾ പിൻനിരയിലാണ് ബ്ലാസ്റ്റേഴ്‌സ് പിഴവുകൾ വരുത്തുന്നത്. ഗോൾകീപ്പർമാരും ഡിഫെൻഡർമാരും വരുത്തുന്ന നിർണായകമായ വീഴ്‌ചകൾ പരിഹരിക്കാൻ കഴിഞ്ഞാൽ മുംബൈക്കെതിരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ഉറപ്പായും കഴിയും.