കളി തട്ടകത്തിലാണെങ്കിലും മുംബൈ ബുദ്ധിമുട്ടും, എതിരാളികൾക്ക് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ മുന്നറിയിപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ നിർണായകമാണ്. മികച്ച പ്രകടനം നടത്തുമ്പോഴും വ്യക്തിഗത പിഴവുകൾ കാരണം പോയിന്റ് നഷ്ടപ്പെടുത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്നും തോൽവി വഴങ്ങിയാൽ സ്ഥിതി കൂടുതൽ പരുങ്ങലിലാകും.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൈക്കൽ സ്റ്റാറെക്ക് ആത്മവിശ്വാസത്തിനു യാതൊരു കുറവുമില്ല. എതിരാളികൾ മികച്ച ടീമാണെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും സ്വന്തം മൈതാനത്ത് ബുദ്ധിമുട്ടേണ്ടി വരുമെന്ന മുന്നറിയിപ്പ് അദ്ദേഹം കഴിഞ്ഞ ദിവസം നൽകി.

“മുംബൈ വളരെ കരുത്തുറ്റ എതിരാളികളാണ്. മികച്ച താരങ്ങളും മികച്ച പരിശീലകനും മുംബൈ സിറ്റിയിലുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും, അതുപോലെ സ്വന്തം മൈതാനത്തും അവർക്കും ഇതൊരു ബുദ്ധിമുട്ടേറിയ മത്സരമാകും.” സ്റ്റാറെ പറഞ്ഞു.

ഈ സീസണിൽ എതിരാളികളുടെ മൈതാനത്ത് മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. മൂന്ന് എവേ മത്സരങ്ങൾ കളിച്ച ടീം ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ല. എല്ലാ മത്സരങ്ങളിലും മികച്ചു നിന്ന ടീം മൊഹമ്മദൻസിനെതിരെ പൊരുതി വിജയം നേടിയിരുന്നു.

കഴിഞ്ഞ സീസണിലെ ഐഎസ്എൽ കപ്പ് ജേതാക്കളാണെങ്കിലും ഈ സീസണിൽ ഫോമിലേക്കെത്താൻ മുംബൈ സിറ്റിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവരെ തോൽപ്പിക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.