ഇവാനാശാൻ വീണ്ടും ഐഎസ്എല്ലിലേക്കോ, സെർബിയൻ പരിശീലകനെ ലക്ഷ്യമിട്ട് ഐഎസ്എൽ ക്ലബ്

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്നു വർഷമുണ്ടായിട്ടും ഒരു കിരീടം പോലും നേടാൻ കഴിഞ്ഞില്ലെങ്കിലും ആരാധകരുടെ പ്രിയങ്കരനായ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. അദ്ദേഹം ക്ലബ് വിടണമെന്ന് ആരാധകരിൽ ഭൂരിഭാഗവും ആഗ്രഹിച്ചിരുന്നില്ല.

കഴിഞ്ഞ സീസണിലും കിരീടം നേടാതിരുന്നതോടെയാണ് ഇവാൻ വുകോമനോവിച്ച് ക്ലബിൽ നിന്നും പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരമെത്തിയ മൈക്കൽ സ്റ്റാറെയുടെ കീഴിൽ ടീം മോശം പ്രകടനം നടത്തുമ്പോൾ ഇവാനെക്കുറിച്ച് ആരാധകർ പരാമർശിക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് അല്ലാതെ മറ്റൊരു ടീമിനെയും ഇന്ത്യയിൽ പരിശീലിപ്പിക്കില്ലെന്ന് പോകുന്നതിനു മുൻപ് ഇവാൻ പറഞ്ഞിരുന്നു. തന്നെ അകമഴിഞ്ഞ് സ്നേഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മുന്നിൽ ഒരു എതിരാളിയായി നിൽക്കാൻ ഇവാന് താൽപര്യമില്ല.

എന്നാൽ ഇവാൻ വുകോമനോവിച്ചിനെ ഐഎസ്എല്ലിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊൽക്കത്തൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മൊഹമ്മദൻസാണ് ഇവാന് വേണ്ടി ശ്രമം നടത്തുന്നത്.

നിലവിൽ വളരെ മോശം ഫോമിലാണ് മുഹമ്മദൻസ് കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒൻപത് പേരായി ചുരുങ്ങിയ ഈസ്റ്റ് ബംഗാളിനെതിരെ വിജയിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇവാൻ അവരുടെ ഓഫർ സ്വീകരിക്കുമോയെന്നാണ് ഇനിയറിയേണ്ടത്.