ഡി മരിയ പോയതോടെ അർജന്റീന പല്ലു കൊഴിഞ്ഞ സിംഹങ്ങളായോ, കഴിഞ്ഞ നാല് മത്സരത്തിൽ ഒരു വിജയം മാത്രം

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യന്മാരും കോപ്പ അമേരിക്ക ജേതാക്കളുമായ അർജന്റീന തോൽവി വഴങ്ങിയിരുന്നു. പാരഗ്വായ് ആണ് സ്വന്തം നാട്ടിൽ വെച്ച് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീനയെ കീഴടക്കിയത്.

2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റതിനു ശേഷം ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ വരെ നടന്ന മത്സരങ്ങൾക്കിടയിൽ അർജന്റീന വഴങ്ങിയത് രണ്ടു തോൽവികൾ മാത്രമാണ്. എന്നാൽ കഴിഞ്ഞ നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും തോറ്റ അവർക്ക് ഒന്നിൽ മാത്രമേ വിജയിക്കാനായിട്ടുള്ളൂ.

അർജന്റീനയുടെ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ ഏഞ്ചൽ ഡി മരിയയുടെ അഭാവത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം ഡി മരിയ ദേശീയ ടീമിൽ നിന്നും വിട പറഞ്ഞത് വലിയൊരു വിടവ് തന്നെയാണ് സ്‌ക്വാഡിൽ സൃഷ്‌ടിച്ചിരിക്കുന്നത്.

കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ഡി മരിയ ഇല്ലാതെ അഞ്ചു മത്സരങ്ങളാണ് അർജന്റീന കളിച്ചത്. അതിൽ രണ്ടെണ്ണത്തിൽ വിജയവും രണ്ടെണ്ണത്തിൽ തോൽവിയും ഒന്നിൽ സമനിലയും വഴങ്ങി. 2019നു ശേഷമുള്ള അർജന്റീനയുടെ ഏറ്റവും മോശം പ്രകടനമാണിത്.

ഇപ്പോഴും സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന തന്നെയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. എന്നാൽ നിലവിലെ പ്രശ്‌നങ്ങൾക്ക് കൃത്യമായൊരു പരിഹാരം ലോകകപ്പ് ആകുമ്പോഴേക്കും കണ്ടില്ലെങ്കിൽ അത് ടീമിനെ ബാധിക്കുമെന്നതിൽ സംശയമില്ല.