റൊണാൾഡോ അഞ്ചാം സ്ഥാനത്ത്, മെസിയോടും അർജന്റീനയോടുമുള്ള ഇഷ്‌ടം വെളിപ്പെടുത്തി അഡ്രിയാൻ ലൂണ

കേരള ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണയുടെ ശൈലിക്കും അർജന്റീന നായകനായ ലയണൽ മെസിയുടെ ശൈലിക്കും സമാനതകളുണ്ട്. ടീമിന്റെ പത്താം നമ്പർ താരങ്ങളായി കളിക്കുന്ന ഇരുവർക്കും കളിയെ മുഴുവൻ നിയന്ത്രിക്കാൻ കഴിയും.

തന്റെ പ്രിയപ്പെട്ട താരം ലയണൽ മെസി തന്നെയാണെന്ന് കഴിഞ്ഞ ദിവസം കൂന വ്യക്തമാക്കുകയുണ്ടായി. ലോകഫുട്ബോളിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ വെളിപ്പെടുത്താൻ ലൂണയോട് പറഞ്ഞപ്പോൾ താരം അതിൽ ആദ്യമായി തിരഞ്ഞെടുത്തത് ലയണൽ മെസിയായിരുന്നു.

ലയണൽ മെസിയോട് മാത്രമല്ല, യുറുഗ്വായ് താരമായിട്ടും അർജന്റീനയോടും ലൂണക്ക് വളരെയധികം സ്നേഹമുണ്ട്. ലിസ്റ്റിൽ രണ്ടാമതായി ലൂണ തിരഞ്ഞെടുത്തത് അർജന്റീനയുടെയും ലോകഫുട്ബോളിലെയും എക്കാലത്തെയും ഇതിഹാസമായ മറഡോണയെയായിരുന്നു.

അതിനു ശേഷം ലൂണ തിരഞ്ഞെടുത്ത രണ്ടു പേരും യുറുഗ്വായ് താരങ്ങളാണ്. ഡീഗോ ഫോർലാൻ, ലൂയിസ് സുവാരസ് എന്നിവരെ മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കും തിരഞ്ഞെടുത്ത ലൂണ അഞ്ചാമതായാണ് റൊണാൾഡോയെ ഉൾപ്പെടുത്തിയത്.

ലൂണയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിക്കുന്നത് ടീമിനൊരു കിരീടമാണ്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണെങ്കിലും അതിൽ നിന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും മെസിയെപ്പോലെ അത്ഭുതങ്ങൾ കാണിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.