മിസോറാമിനെയും ഗോൾമഴയിൽ മുക്കി, സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ സമ്പൂർണാധിപത്യം

സന്തോഷ് ട്രോഫിയിൽ മികച്ച ഫോമിൽ കുതിക്കുന്ന കേരളം യോഗ്യത ഘട്ടത്തിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നു. ഇന്ന് നടന്ന അവസാനത്തെ ഗ്രൂപ്പ് മത്സരത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ചു വന്ന മിസോറാമിനെ തകർത്താണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. അഞ്ചു മത്സരങ്ങളും വിജയിച്ച കേരളം പതിനഞ്ചു പോയിന്റ് നേടിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ഗ്രൂപ്പിലെ നാല് മത്സരങ്ങളും വിജയിച്ചു വന്ന മിസോറാമിനെതിരെ മുപ്പത്തിയൊന്നാം മിനുട്ടിൽ തന്നെ കേരളം ലീഡ് നേടി. മിസോറാം ഗോൾകീപ്പറുടെ അബദ്ധം മുതലാക്കി മനോഹരമായ ബാക്ക് ഫ്ലിക്ക് വഴി നരേഷാണ്‌ കേരളത്തിന്റെ ഗോൾ നേടിയത്, അതിനു ശേഷം ആദ്യപകുതിയിൽ ഗോളൊന്നും വന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ കേരളത്തിന്റെ യഥാർത്ഥരൂപം മിസോറാം കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിലെ അഞ്ചു ഗോളുകൾ പിറന്നത് രണ്ടാം പകുതിയിലാണ്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നിജോ ഗിൽബർട്ട്സിലൂടെ കേരളം രണ്ടാമത്തെ ഗോൾ നേടി. ഫ്രീ കിക്കിൽ നിന്നായിരുന്നു ഗോൾ പിറന്നത്. അതിനു ശേഷം അറുപത്തിനാലാം മിനുട്ടിലാണ് അടുത്ത ഗോൾ വന്നത്. ആദ്യഗോൾ നേടിയ നരേഷ് തന്നെയാണ് മൂന്നാമത്തെ ഗോളും നേടിയത്. എഴുപത്തിയൊമ്പതാം മിനുട്ടിൽ ഗിഫ്റ്റി നാലാമത്തെ ഗോളും സ്വന്തമാക്കിയതോടെ മത്സരത്തിൽ തിരിച്ച്‌ വരാൻ കഴിയുമെന്ന മിസോറാമിന്റെ പ്രതീക്ഷകൾ അവസാനിച്ചു.

എൺപതാം മിനുട്ടിൽ ഫ്രീ കിക്കിൽ നിന്നാണ് മിസോറാം അവരുടെ ആദ്യത്തെ ഗോൾ നേടിയത്. എന്നാൽ അതിനും കേരളം മറുപടി കൊടുത്തു. ആറു മിനുട്ട് തികയും മുൻപ് വിശാഖ് മോഹനാണ് കേരളത്തിന്റെ അഞ്ചാമത്തെ ഗോൾ കുറിച്ചത്. ഇതോടെ അഞ്ചു മത്സരത്തിൽ ഇരുപത്തിനാലു ഗോളുകളാണ് കേരളം അടിച്ചു കൂട്ടിയത്. രണ്ടു ഗോളുകൾ മാത്രമേ വഴങ്ങുകയും ചെയ്‌തിട്ടുള്ളൂ.

പതിനഞ്ചു പോയിന്റ് നേടിയ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ മിസോറാം പന്ത്രണ്ടു പോയിന്റുമായി രണ്ടാം സ്ഥാനത്തു വന്നു. ഫൈനൽ റൌണ്ട് മത്സരങ്ങൾ ഏപ്രിൽ മാസത്തിലാണ് നടക്കാൻ സാധ്യത. ഇത്തവണ ഫൈനൽ റൌണ്ട് മത്സരങ്ങൾ ഇന്ത്യയിൽ വെച്ച് നടക്കാൻ സാധ്യത കുറവാണ്. കളിക്കാർക്ക് കൂടുതൽ പ്രചോദനം നൽകാൻ മത്സരങ്ങൾ സൗദി അറേബ്യയിൽ വെച്ചാണ് നടക്കുകയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.