അർജന്റീന ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തുന്നു

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയുടെ മിന്നുന്ന പ്രകടനം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ ലയണൽ മെസിക്കൊപ്പം തന്നെ അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ ഉയർന്നു കേൾക്കേണ്ട പേരാണ് പരിശീലകൻ ലയണൽ സ്‌കലോണിയുടേത്. ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിതമായ തോൽവി വഴങ്ങിയ അർജന്റീനയെ പിന്നീടു തിരിച്ചു കൊണ്ടു വന്നത് സ്‌കലോണിയുടെ തന്ത്രങ്ങളാണ്. ഓരോ കളിയിലും എതിരാളിയുടെ തന്ത്രങ്ങളെ കൃത്യമായി മനസിലാക്കി അദ്ദേഹം വരച്ച പദ്ധതികൾ ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച ടീമായ ഫ്രാൻസിനെ വരെ നിശബ്ദമാക്കിയത് ലോകകപ്പിൽ കണ്ടു.

ലയണൽ സ്‌കലോണി അർജന്റീന ടീമിന്റെ പരിശീലകനായതിനു ശേഷം അവർ തുടർച്ചയായി നേടുന്ന മൂന്നാമത്തെ കിരീടമാണ് ഖത്തർ ലോകകപ്പ്. അതിനു മുൻപ് 2021 കോപ്പ അമേരിക്കയും 2022 ജൂണിൽ നടന്ന ഫൈനലിസിമയും അർജന്റീന ഉയർത്തിയിരുന്നു. ലയണൽ മെസിയുടെ കരിയറിലേക്ക് അന്താരാഷ്ട്രകിരീടങ്ങൾ എത്തിച്ച സ്‌കലോണി തികച്ച തന്ത്രജ്ഞനാണ് എന്നതിനാൽ തന്നെ താരത്തെ യൂറോപ്പിലെ വമ്പൻ ക്ലബുകൾ റാഞ്ചുമോയെന്ന പേടി ആരാധകർക്കുണ്ടായിരുന്നു. ഏതാനും ക്ലബുകളുമായി സ്‌കലോണിയെ ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

അർജന്റീന ദേശീയ ടീമിൽ വളരെക്കാലം തുടരാൻ ലയണൽ സ്‌കലോണിക്ക് സമ്മതമാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്‌കലോണിയുടെ നേരത്തെ ഉണ്ടായിരുന്ന കരാർ ജനുവരിയിൽ തന്നെ അവസാനിച്ചിരുന്നു. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ വെച്ചു നടക്കുന്ന 2026 ലോകകപ്പ് വരെ കരാർ നീട്ടാൻ സ്‌കലോണി വാക്കാൽ സമ്മതം മൂളിയിരുന്നു. ആ കരാർ അതിനേക്കാൾ കൂടുതൽ നീട്ടാൻ അദ്ദേഹം തയ്യാറാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ ഏതു ക്ലബും അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുമെന്നിരിക്കെ മികച്ച പ്രതിഫലം ലഭിക്കുമായിരുന്നിട്ടും അതൊന്നും പരിഗണിക്കാതെ അർജന്റീനയിൽ തന്നെ തുടരുന്നത് അദ്ദേഹത്തിന്റെ ആത്മാർത്ഥത വ്യക്തമാക്കുന്നു.

ഒട്ടും അറിയപ്പെടാതെ കിടന്നിരുന്ന ഒരു വ്യക്തിയിൽ നിന്നുമാണ് ലോകകപ്പ് വിജയം നേടിയ പരിശീലകനെന്ന തലത്തിലേക്ക് ലയണൽ സ്‌കലോണി ഉയർന്നത്. അർജന്റീനയുടെ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുക്കുമ്പോൾ സെവിയ്യ, അർജന്റീന എന്നീ ടീമുകളുടെ സഹപരിശീലകനായതും അർജന്റീനയുടെ അണ്ടർ 20 ടീമിനെ പരിശീലിപ്പിച്ചതും മാത്രമായിരുന്നു ലയണൽ സ്‌കലോണിയുടെ പരിചയസമ്പത്ത്. എന്നാൽ കൃത്യമായ പദ്ധതികൾ ഒരുക്കിയും വേണ്ട താരങ്ങളെ ടീമിലേക്ക് റിക്രൂട്ട് ചെയ്‌തും ഒത്തൊരുമയുള്ള ഒരു സംഘമാക്കി ടീമിനെ മാറ്റിയും അദ്ദേഹം വിജയങ്ങൾ കൊയ്യുകയാണ്. അതിനിയും തുടരണമെന്നു തന്നെയാണ് ആരാധകർ ആഗ്രഹിക്കുന്നത്.