“എന്തു പദ്ധതി ഒരുക്കിയാലും ലയണൽ മെസിയെ തടുക്കാൻ കഴിയില്ല, പ്രാർത്ഥിക്കുക മാത്രമേ വഴിയുള്ളൂ”- സിമിയോണി പറഞ്ഞതു വെളിപ്പെടുത്തി കീറോൺ ട്രിപ്പിയർ

ലോകകപ്പ് വിജയം നേടുന്നതിനു മുൻപു തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി പലരും ലയണൽ മെസിയെ വിലയിരുത്തിയിട്ടുണ്ട്. ഗോളുകൾ നേടുന്നതിനൊപ്പം ഗോളവസരങ്ങൾ ഒരുക്കാനും ടീമിന്റെ കളിയെ മുഴുവനായും നിയന്ത്രിക്കാനുമുള്ള താരത്തിന്റെ കഴിവാണ് എല്ലാവരെയും പ്രധാനമായും അത്ഭുതപ്പെടുത്തുന്നത്. മനോഹരമായ ഡ്രിബ്ലിങ് മികവും വളരെ കൃത്യതയുള്ള പാസുകളും കൊണ്ട് ഏതൊരു പ്രതിരോധത്തെയും പിളർത്താൻ കഴിവുള്ള ലയണൽ മെസി അതിനൊപ്പം തന്നെ ഗോളുകളും നേടുന്നു. ലോകകപ്പിൽ ടീമിനെ മുഴുവൻ മുന്നോട്ടു നയിച്ച താരത്തിന്റെ പ്രകടനം അതിന് അടിവരയിടുന്നു.

ഇപ്പോൾ മെസിയെക്കുറിച്ച് രസകരമായ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് ന്യൂകാസിൽ യുണൈറ്റഡ് താരമായ കീറോൺ ട്രിപ്പിയർ. ന്യൂകാസിൽ യുണൈറ്റഡിൽ എത്തുന്നതിനു മുൻപ് സ്‌പാനിഷ്‌ ക്ലബായ അത്ലറ്റികോ മാഡ്രിഡിന്റെ താരമായിരുന്നു ട്രിപ്പിയർ. ആ സമയത്ത് അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനും അർജന്റീന സ്വദേശിയുമായ ഡീഗോ സിമിയോണി ലയണൽ മെസിക്കെതിരെ നടക്കുന്ന മത്സരത്തിനു മുന്നോടിയായി പറയുന്ന വാക്കുകളാണ് ട്രിപ്പിയർ വെളിപ്പെടുത്തിയത്. ലയണൽ മെസിയെ തടുക്കാൻ യാതൊരു വഴിയുമില്ലെന്നും പ്രാർത്ഥിക്കുക മാത്രമേ ചെയ്യാനുള്ളുവെന്നുമാണ് സിമിയോണി പറയുകയെന്നാണ് ട്രിപ്പിയർ വെളിപ്പെടുത്തിയത്.

“സിമിയോണിയായിരുന്നു പരിശീലകൻ. അവർ രണ്ടു പേരും അർജന്റീനക്കാരുമാണ്. ടമത്സരങ്ങൾക്കു മുൻപ് അദ്ദേഹം ഞങ്ങളോട് പ്രാർത്ഥിക്കാനാണ് പറയാറുള്ളതെന്ന് തമാശയുള്ള കാര്യമാണ്. നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങൾക്കൊരു കാര്യം സംഘാടനം ചെയ്‌ത്‌ ലയണൽ മെസിക്കെതിരെ നടപ്പിലാക്കാൻ കഴിയില്ല. മെസി അത്രയും അസാമാന്യനും അസാധാരണ കഴിവുള്ളവനുമായ താരമാണ്.” ലയണൽ മെസിയെ നേരിടുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഗോളിനോട് സംസാരിക്കുന്ന സമയത്ത് ഇംഗ്ലണ്ട് താരമായ ട്രിപ്പിയർ പറഞ്ഞു.

അതേസമയം ലയണൽ മെസിയുടെ ബാഴ്‌സലോണയെ മറികടന്ന് ലീഗ് കിരീടം നേടിയ താരം കൂടിയാണ് ട്രിപ്പിയർ. ബാഴ്‌സലോണ വിട്ട് ലൂയിസ് സുവാരസ് അത്ലറ്റികോ മാഡ്രിഡിൽ ചേർന്ന 2021-22 സീസണിലാണ് അവർ ലീഗ് കിരീടം നേടുന്നത്. ആ സീസണിൽ ലയണൽ മെസി ലീഗിൽ മുപ്പതു ഗോളുകൾ നേടിയിരുന്നു. അതിനു ശേഷം ട്രിപ്പിയർ ന്യൂകാസിൽ യുണൈറ്റഡിലേക് ചേക്കേറി ഇപ്പോൾ ക്ലബിന്റെ പ്രധാന താരമാണ്. സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുത്തതിനു ശേഷം തിരിച്ചു വരവിന്റെ പാതയിലുള്ള ന്യൂകാസിൽ നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.