ആരാധകർ ആഗ്രഹിച്ച ലൂണ ഇതാണ്, കേരള ബ്ലാസ്റ്റേഴ്‌സ് നായകൻറെ ഗംഭീര തിരിച്ചുവരവ്

കുറച്ച് നാളുകൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ സന്തോഷിച്ചത് ചെന്നൈയിൻ സിറ്റിക്കെതിരെ നടന്ന മത്സരത്തിന് ശേഷമാണ്. തുടർച്ചയായി മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ചെന്നൈക്കെതിരെ സ്വന്തം മൈതാനത്ത് മൂന്നു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനൊപ്പം ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു കാര്യം ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവാണ്. മത്സരത്തിൽ നോഹ സദോയി നേടിയ ഗോളിന് വഴിയൊരുക്കിയ താരം ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.

തൊണ്ണൂറു മിനുട്ടും കളിക്കളത്തിൽ ഉണ്ടായിരുന്ന ലൂണ ഒരു അസിസ്റ്റിനു പുറമെ മൂന്നു കീ പാസുകൾ നൽകുകയും രണ്ടു വമ്പൻ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇതിന് പുറമെ പ്രതിരോധത്തിൽ മികച്ച സംഭാവന നൽകാനും ലൂണക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പരിക്കേറ്റു വളരെക്കാലം പുറത്തിരുന്ന അഡ്രിയാൻ ലൂണ അതിനു ശേഷം മോശം ഫോമിലായിരുന്നു. താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം പരിക്കിന് ശേഷം തന്റെ പഴയ മികവ് മുഴുവൻ പുറത്തെടുത്ത് കണ്ടത് ചെന്നൈക്കെതിരെയാണ്.

ലൂണയുടെ ഈ തിരിച്ചുവരവ് ആരാധാകർക്ക് ആശ്വാസമാണ്. നോഹ, ജിമിനസ് എന്നിവർ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. അവർക്കൊപ്പം അഡ്രിയാൻ ലൂണ കൂടി ഫോമിലേക്ക് ഉയർന്നാൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ പിടിച്ചുകെട്ടാൻ ബുദ്ധിമുട്ടാണ്.