ഞാനാണവിടുത്തെ പോലീസ്, ഒരുപാട് പണം കൈകാര്യം ചെയ്യുന്നുണ്ട്; കേരള ബ്ലാസ്റ്റേഴ്‌സിൽ നടക്കുന്ന വിശേഷങ്ങൾ പറഞ്ഞ് അഡ്രിയാൻ ലൂണ

മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ടീമിലെ താരങ്ങൾ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. കൂടുതൽ പ്രൊഫെഷണൽ സമീപനം താരങ്ങളുടെ ഭാഗത്തു നിന്നും വരുന്നുണ്ടെന്നതിൽ സംശയമില്ല.

ടീമിനുള്ളിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിനു കാരണമെന്നാണ് നായകനായ അഡ്രിയാൻ ലൂണ പറയുന്നത്. താരങ്ങളെ അച്ചടക്കം പഠിപ്പിക്കാനും മികച്ച പ്രൊഫെഷനലുകളാക്കി മാറ്റാനും ഫൈൻ അടക്കമുള്ള ശിക്ഷാ നടപടികൾ ഉണ്ടെന്നാണ് ലൂണ പറയുന്നത്.

ടീമിലെ താരങ്ങൾ വൈകിയെത്തിയാൽ അതിനു ഫൈൻ ലഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ലൂണ പറഞ്ഞത്. ആരാണ് ഈ ഫൈനുകൾ കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് അത് താൻ തന്നെയാണെന്നും ലൂണ മറുപടി പറഞ്ഞു.

“ഞാനാണവിടുത്തെ പോലീസ്. ഒരുപാട് പണം കൈകാര്യം ചെയ്യണം. ഉദാഹരണത്തിന് മീറ്റിങിനിടെ ഫോൺ റിങ് ചെയ്‌താലോ ടീം ബസിലേക്ക് വൈകിയെത്തിയാലോ അതിനു ഫൈൻ വരും. അത് തമാശയാണ്, അത് പ്രൊഫെഷനലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.” ലൂണ പറഞ്ഞു.

ടീമിന്റെ അച്ചടക്കവും പ്രൊഫെഷണൽ സ്വഭാവവും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ നീക്കങ്ങൾ. അത് ടീമിന്റെ ആറ്റിറ്റ്യൂഡിൽ നിന്നും തിരിച്ചറിയാൻ കഴിയുന്നുണ്ട്. പ്രകടനത്തിൽ അതുടനെ പ്രതിഫലിക്കാൻ തുടങ്ങുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.