തിരിച്ചു വരാൻ കഴിഞ്ഞതിൽ ഹാപ്പിയാണെന്ന് അഡ്രിയാൻ ലൂണ, നായകൻ പ്ലേ ഓഫിനു തയ്യാറെടുക്കുന്നു | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കനത്ത തിരിച്ചടി നൽകിയാണ് കഴിഞ്ഞ ഡിസംബറിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയത്. ടീമിന്റെ സന്തുലിതാവസ്ഥയെ തന്നെ താളം തെറ്റിച്ചാണ് നായകനായിരുന്ന ലൂണ പുറത്തു പോയത്. താരത്തിന്റെ അഭാവം അതിനു ശേഷമുള്ള ടീമിന്റെ പ്രകടനത്തിൽ നിഴലിച്ചു കാണുകയും ചെയ്‌തു.

പരിക്കേറ്റു പുറത്തു പോകുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ താരമായിരുന്നു അഡ്രിയാൻ ലൂണ. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ താരത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് അതിൽ നിന്നും വ്യക്തമാണ്. ലൂണ സീസൺ മുഴുവൻ പുറത്തിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പ്ലേ ഓഫ് ആയപ്പോഴേക്കും താരം ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ചു വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരിശീലനസെഷനിടയിൽ വെച്ച് താരം തന്റെ തിരിച്ചു വരവിനെക്കുറിച്ച് സംസാരിച്ചു. പ്ലേ ഓഫ് ആകുമ്പോഴേക്കും തിരിച്ചു വരാൻ കഴിഞ്ഞതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നാണ് താരം പറഞ്ഞത്. വളരെ നിർണായകമായ ഒരു മത്സരമാണ് ടീമിന് മുന്നിലുള്ളതെന്നും അതിനായി ഒരുക്കങ്ങൾ നടത്തി വരികയാണെന്നും അഡ്രിയാൻ ലൂണ പറഞ്ഞു.

അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്‌സിന് നൽകുന്ന ഊർജ്ജം ചെറുതല്ല. ടീമിന്റെ നായകനെന്ന നിലയിലും ഏറ്റവും പ്രധാനപ്പെട്ട താരമെന്ന നിലയിലും ലൂണ ടീമിന് വലിയ സംഭാവനകൾ നൽകുന്ന താരമാണ്. ഇത്രയും കാലം പരിക്കേറ്റു പുറത്തിരുന്ന താരത്തിന്റെ പ്രകടനം കാണാൻ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്.

ലൂണ ഉണ്ടായിരുന്നപ്പോഴത്തെ സാഹചര്യമല്ല കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇപ്പോഴുള്ളത്. ടീമിന്റെ പ്രകടനം വളരെ മോശമായിട്ടുണ്ടെന്നതിനു പുറമെ പുതിയ താരങ്ങളും എത്തിയിട്ടുണ്ട്. ഇവരുമായി ഇണങ്ങിച്ചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്രയും ദിവസം പരിശീലനത്തിന് സമയം ലഭിച്ചതിനാൽ അതിനു കഴിഞ്ഞിട്ടുണ്ടാകും എന്നാണു ആരാധകർ പ്രതീക്ഷിക്കുന്നത്.

Adrian Luna Says He Is Happy To Be Back