കേരള ബ്ലാസ്റ്റേഴ്‌സ് എന്റെ വീടാണ്, കിരീടം നേടാൻ ക്ലബ് മാറുന്നതിൽ താൽപര്യമില്ലെന്ന് അഡ്രിയാൻ ലൂണ
തുടർച്ചയായ നാലാമത്തെ സീസണാണ് യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റേതെങ്കിലും ക്ലബിനൊപ്പം ഒരു വിദേശതാരം ഇത്രയുമധികം സീസണുകൾ കളിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സീസണിൽ തന്നെ ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്താൻ അഡ്രിയാൻ ലൂണക്ക് കഴിഞ്ഞിരുന്നു. അതിനു ശേഷമിങ്ങോട്ട് ടീമിന്റെ പ്രധാന താരമായി വളർന്ന ലൂണ ഇല്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് ആരാധകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
Adrian Luna 🗣️ “Changing clubs doesn’t mean you’ll win a trophy. I’m happy here. This is my home. The fans themselves make me feel at home.” @the_bridge_in #KBFC pic.twitter.com/GUU9ZW5Xgs
— KBFC XTRA (@kbfcxtra) October 19, 2024
ഈ സീസണിന് മുന്നോടിയായി അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എഫ്‌സി ഗോവ താരത്തിനായി വമ്പൻ ഓഫർ നൽകിയെങ്കിലും അത് വേണ്ടെന്നു വെച്ച് ബ്ലാസ്റ്റേഴ്‌സിൽ തുടർന്ന അഡ്രിയാൻ ലൂണ കഴിഞ്ഞ ദിവസം അതിനെക്കുറിച്ച് സംസാരിച്ചു.
“ക്ലബുകൾ മാറുന്നത് കൊണ്ട് നമ്മൾ കിരീടം നേടുമെന്ന് യാതൊരു ഉറപ്പുമില്ല. ഞാനിവിടെ വളരെയധികം സന്തോഷവാനാണ്. ഇതെന്റെ വീടാണ്. ഈ ആരാധകർ ഇതെന്റെ വീടു പോലെത്തന്നെ തോന്നിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.” കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പരിക്കേറ്റു മാസങ്ങളോളം പുറത്തിരുന്നതിനു ശേഷം ലൂണയുടെ ഫോമിൽ ചെറിയൊരു ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ ഫിറ്റ്നസ് മുഴുവൻ വീണ്ടെടുത്ത താരം ഫോമിലേക്ക് ഉടനെ തിരിച്ചെത്തുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.