കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ലൂണയെ കാണാം, തന്റെ പദ്ധതികൾ വെളിപ്പെടുത്തി യുറുഗ്വായ് താരം

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്‌ മുതൽ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അഡ്രിയാൻ ലൂണ. നിരവധി വമ്പൻ ഓഫറുകൾ കിട്ടിയിട്ടും ക്ലബ് വിടാതിരുന്നതും ടീമിനായി മികച്ച പ്രകടനം നടത്തുന്നതുമെല്ലാം ലൂണയെ ആരാധകർ ഇഷ്‌ടപ്പെടാനുള്ള കാരണമാണ്.

തുടർച്ചയായ നാലാമത്തെ സീസണാണ് ലൂണ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഭാവിയുമായി ബന്ധപ്പെട്ടു താരം ഒരു പ്രതികരണം നടത്തിയിരുന്നു. കരിയർ അവസാനിച്ചാൽ കോച്ചിങ്ങിലേക്ക് തിരിയുമെന്നാണ് താരം പറഞ്ഞത്.

“ഒരു കളിക്കാരനെന്ന നിലയിൽ റിട്ടയർ ചെയ്‌താലും ഞാൻ ഫുട്ബോളുമായി ബന്ധപ്പെട്ടു തന്നെ തുടരും. മിക്കവാറും ഞാനൊരു പരിശീലകനായി മാറുമെന്നാണ് കരുതുന്നത്.” കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു അഭിമുഖത്തിൽ അഡ്രിയാൻ ലൂണ പറഞ്ഞു.

ഇതേ അഭിമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ താൻ വളരെ സന്തുഷ്‌ടനാണെന്ന് ലൂണ പറഞ്ഞിരുന്നു. ക്ലബിനെയും ആരാധകരെയും വളരെ ഇഷ്‌ടപ്പെടുന്ന തനിക്ക് ഇനിയും ഒരുപാട് കാലം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തുടരാനാണ് ആഗ്രഹമെന്നാണ് താരം പറഞ്ഞത്.

നിലവിൽ മുപ്പത്തിരണ്ട് വയസുള്ള ലൂണക്ക് ഫോം നഷ്ട്ടമായില്ലെങ്കിലും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും ഏതാനും വർഷങ്ങൾ കൂടി കളിക്കളത്തിൽ തുടരാനാകും. അതിനു ശേഷം കോച്ചിങ് കരിയറാണ് തിരഞ്ഞെടുക്കന്നതെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ലൂണ എത്താനുള്ള സാധ്യതയുണ്ട്.