കരുത്ത് വർധിപ്പിക്കാൻ ലൂണയുമെത്തുന്നു, ബ്ലാസ്റ്റേഴ്‌സ് നായകൻ അടുത്ത മത്സരത്തിനുണ്ടാകാൻ സാധ്യത
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോഴും ബ്ലാസ്റ്റേഴ്‌സ് നായകനായ അഡ്രിയാൻ ലൂണക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. പുതിയ സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്നാണ് ആദ്യത്തെ രണ്ടു മത്സരങ്ങൾ താരത്തിന് നഷ്‌ടമായത്.
നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിലും ലൂണ ഉണ്ടാകാൻ സാധ്യത കുറവാണെന്നാണ് കഴിഞ്ഞ മത്സരത്തിന് ശേഷം മൈക്കൽ സ്റ്റാറെ പറഞ്ഞത്. എന്നാൽ ടീമിന് കരുത്ത് നൽകാൻ നായകൻറെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.
ലഭ്യമായ വിവരങ്ങൾ പ്രകാരം ഗുവാഹതിയിലേക്ക് പോകുന്ന കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം അഡ്രിയാൻ ലൂണയും ചേരുന്നുണ്ട്. താരത്തിന്റെ അസുഖം മാറിയോ, മത്സരത്തിൽ കളിക്കാനിറങ്ങുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
അഡ്രിയാൻ ലൂണയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടായിരുന്നു. മധ്യനിരയിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ താരങ്ങളില്ലാത്തത് ടീമിന്റെ ആക്രമണങ്ങളെ തളർത്തി. ലൂണയുടെ അഭാവം ടീമിന് തിരിച്ചടിയാണെന്ന് പരിശീലകനും പറഞ്ഞിരുന്നു.
താരത്തിന്റെ ഫിറ്റ്നസ് പരിശോധിച്ചതിനു ശേഷം അവസാന ദിവസമാകും മത്സരത്തിന് ഇറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്. എന്തായാലും ആദ്യ ഇലവനിൽ ലൂണ ഉണ്ടാകാനുള്ള സാധ്യതയില്ല. പകരക്കാരനായാവും ലൂണ ഇറങ്ങുക.