ഇന്ത്യ വിട്ടിട്ടും ഗ്രിഫിത്ത്‌സിനു രക്ഷയില്ല, മുംബൈ സിറ്റി താരങ്ങൾക്ക് വമ്പൻ പണി കൊടുത്ത് എഐഎഫ്എഫ് | AIFF

മുംബൈ സിറ്റിയുടെ താരമായിരുന്ന റോസ്റ്റിൻ ഗ്രിഫിത്ത്‌സ്, നിലവിലെ പ്രധാന താരമായ ജോർജ് പെരേര ഡയസ് എന്നിവർക്ക് വമ്പൻ പണി കൊടുത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. സൂപ്പർ കപ്പിൽ ഒഡിഷ എഫ്‌സിക്കെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ രണ്ടു താരങ്ങൾക്കും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് നൽകിയിട്ടുണ്ട്.

മുംബൈ സിറ്റി വിട്ട റോസ്റ്റിൻ ഗ്രിഫിത്തിനു അഞ്ചു മത്സരങ്ങളിലെ വിലക്കാണ് എഐഎഫ്എഫ് നൽകിയിട്ടുള്ളത്. അതേസമയം ടീമിന്റെ ടോപ് സ്കോററായ ജോർജ് പെരേര ഡയസിനു നാല് മത്സരങ്ങളിൽ വിലക്കും നൽകി. റോസ്റ്റിനെ വിലക്ക് നിലവിൽ ബാധിക്കില്ലെങ്കിലും ടീമിന്റെ ഗോൾവേട്ടക്കാരനായ ഡയസിന്റെ വിലക്ക് മുംബൈ സിറ്റിക്ക് വലിയ തിരിച്ചടി തന്നെയാണ്.

മുംബൈ സിറ്റിയും ഒഡിഷ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിലുണ്ടായ നിരവധി സംഭവങ്ങളുടെ പേരിലാണ് ഈ വിലക്ക് ഏർപ്പാടാക്കിയിട്ടുള്ളത്. അതേസമയം ഈ സംഭവങ്ങളുടെ കൃത്യമായ വിവരം നൽകാൻ എഐഎഫ്എഫ് തയ്യാറായില്ല. ലീഗിന്റെ അച്ചടക്കനടപടികൾ ഈ താരങ്ങൾ പൂർണമായും തെറ്റിച്ചുവെന്നാണ് പറയുന്നത്. മത്സരത്തിൽ സംഘർഷമുണ്ടാക്കിയ ഗ്രിഫിത്ത്‌സ് നടുവിരൽ ഉയർത്തിക്കാട്ടിയിരുന്നു.

അതേസമയം ഗ്രിഫിത്സിനെ പോലെത്തന്നെ നടുവിരൽ ഉയർത്തിക്കാട്ടിയ ഗുർകിരത്തിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഇത് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. റോസ്റ്റിൻ മുംബൈ സിറ്റി വിട്ടതിനാൽ ഇനി ഇന്ത്യയിലേക്ക് വരുമ്പോൾ മാത്രമേ ഈ വിലക്ക് ബാധകമാകൂ. അതെസമയം ഡയസിനു ഈസ്റ്റ് ബംഗാൾ, ബെംഗളൂരു, ചെന്നൈയിൻ എഫ്‌സി, എഫ്‌സി ഗോവ എന്നിവർക്കെതിരെയുള്ള മത്സരം നഷ്‌ടമാകും.

AIFF Handed Ban For Griffiths And Diaz