ടീമിൽ നിന്നും പുറത്തു പോവുക പെപ്രയോ ദിമിയോ, അടുത്ത സീസണിൽ ഏതൊക്കെ വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സിലുണ്ടാകും | Kerala Blasters

ഈ സീസണും നിരാശയോടെ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിട്ടുണ്ട്. ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി പുതിയ പരിശീലകനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏതൊക്കെ വിദേശതാരങ്ങൾ ടീമിൽ വേണമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അക്കാര്യം വ്യക്തമാക്കുന്നു.

ഒരു ഏഷ്യൻ വംശജനായ താരമടക്കം ആറു വിദേശ കളിക്കാരെയാണ് ഒരു ഐഎസ്എൽ ടീമിൽ ഉൾപ്പെടുത്താൻ കഴിയുക. അതിൽ ഏകദേശം നാലോളം താരങ്ങളുടെ കാര്യത്തിൽ ഇപ്പോൾ തന്നെ തീരുമാനമായിട്ടുണ്ട്. ആ ലിസ്റ്റിൽ ചെറിയ മാറ്റങ്ങൾ വരാനുള്ള സാധ്യതയേ കാണുന്നുള്ളൂ. എന്തായാലും ഒന്നോ രണ്ടോ വിദേശതാരങ്ങൾ കൂടി മാത്രമേ ഇനി ബ്ലാസ്റ്റേഴ്‌സിൽ എത്താനുള്ള സാധ്യതയുള്ളൂ.

നോഹ സദൂയി, അഡ്രിയാൻ ലൂണ, മീലൊസ് ഡ്രിൻസിച്ച്, ജൗഷുവ സോട്ടിരിയോ (ഏഷ്യൻ താരം) എന്നിവരാണ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ള കളിക്കാർ. ഇതിൽ മീലൊസ് ഡ്രിൻസിച്ച് ചിലപ്പോൾ പുറത്തു പോകാനുള്ള സാധ്യതയുണ്ട്. വേഗത കുറഞ്ഞ മിലോസിന്‌ പകരം മറ്റൊരു വിദേശ പ്രതിരോധ താരത്തെ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

മിലോസ് ഉണ്ടെങ്കിലും അതുൾപ്പെടെ രണ്ടു വിദേശ ഡിഫെൻഡർമാർ ടീമിലുണ്ടാകും. ലെസ്‌കോവിച്ചിന് പകരം ഒരു ഡിഫെൻഡറെ കൂടി ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കാനുണ്ട്. അതിനു പുറമെ ടീമിന് വേണ്ട സ്‌ട്രൈക്കർ ആരാണെന്ന കാര്യത്തിലും തീരുമാനമെടുക്കണം. ആ സ്‌ട്രൈക്കർ സീസണിലെ ടോപ് സ്‌കോറർ ദിമിയാണോ, അതോ ആഫ്രിക്കൻ താരം പെപ്രയാണോ എന്ന കാര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനമെടുക്കാനുള്ളത്.

ഫെഡോർ ചെർണിച്ച്, ഡൈസുകെ സകായി, ഇമ്മാനുവൽ ജസ്റ്റിൻ, മാർകോ ലെസ്‌കോവിച്ച് തുടങ്ങിയ താരങ്ങളെല്ലാം ക്ലബ് വിടുമെന്ന കാര്യത്തിൽ സംശയമില്ല. ഐഎസ്എൽ ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്ന വിദേശതാരങ്ങളുടെ എണ്ണം ഏഴാക്കി മാറ്റുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അങ്ങിനെയെങ്കിൽ മാത്രം ഈ താരങ്ങളിൽ ആരെയെങ്കിലും നിലനിർത്താനുള്ള സാധ്യതയുണ്ട്.

Kerala Blasters Foreign Players For Next Season