ആ വലിയ പ്രതിസന്ധി അടുത്ത സീസണിൽ അവസാനിച്ചേക്കും, നിർണായകമായ നീക്കവുമായി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചത് മുതൽ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതിനു ഒരുപാട് തവണ ഇരയാകേണ്ടി വന്ന ഒരു ക്ലബ് എന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വലിയ രീതിയിലുള്ള പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്‌സിക്കെതിരെയുള്ള നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽക്കാൻ കാരണം റഫറിയുടെ പിഴവായിരുന്നു. അതോടെ ആരാധകർ വീണ്ടും ഐഎസ്എല്ലിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അടുത്ത സീസണോടെ വീഡിയോ അസിസ്റ്റന്റ് റഫറിയിങ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാർ സംവിധാനം ഐഎസ്എല്ലിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷ എഐഎഫ്എഫിനുണ്ടെന്ന് പ്രസ് ട്രസ്റ്റ് ഇന്ത്യ വെളിപ്പെടുത്തുന്നു.

ഏതു തരത്തിലുള്ള വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനമാണ് കൊണ്ടുവരാൻ പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. പല രാജ്യങ്ങളിലുമുള്ള ചെലവ് കുറഞ്ഞ വാർ ലൈറ്റ് സംവിധാനമായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നുണ്ടാവുക.

വാർ വന്നാൽ അത് ഇന്ത്യൻ സൂപ്പർ ലീഗിന് കൂടുതൽ സ്വീകാര്യത ലഭിക്കാൻ കാരണമാകും. കൂടുതൽ മികച്ച താരങ്ങൾ ഇന്ത്യയിൽ കളിക്കാൻ വരുന്നതിനും ഇത് വഴിയൊരുക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.