പുതിയ സീസണിലേക്കുള്ള ഏറ്റവും മികച്ച സൈനിങ്ങുമായി കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനം വന്നു

കഴിഞ്ഞ സീസണിലേതു പോലെത്തന്നെ നിരവധി തിരിച്ചടികളേറ്റു വാങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണും ആരംഭിക്കാൻ പോകുന്നത്. ടീമിനൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ജോഷുവ സോട്ടിരിയോക്ക് പരിക്കേറ്റുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതോടെ ഈ സീസണിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ആശ്രയിക്കാൻ യാതൊരു സാധ്യതയുമില്ല.

നിരാശപ്പെടുത്തുന്ന ഈ വാർത്തകളുടെ ഇടയിൽ പുതിയ സീസണിലേക്കുള്ള ഏറ്റവും മികച്ച സൈനിങ്‌ എന്നു വിശേഷിപ്പിക്കാവുന്ന ട്രാൻസ്‌ഫർ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയിട്ടുണ്ട്. അൽപ്പം മുൻപ് ക്ലബിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി നടത്തിയ പ്രഖ്യാപനത്തിലൂടെ ഫ്രഞ്ച് ഡിഫെൻഡറായ അലസാൻഡ്രെ കൊയെഫിനെ സ്വന്തമാക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊയെഫിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്ന വാർത്ത കുറച്ചു ദിവസമായി സജീവമായിരുന്നു. കഴിഞ്ഞ സീസൺ അവസാനിച്ചതോടെ ടീം വിട്ടു നാട്ടിലേക്ക് മടങ്ങിപ്പോയ മാർകോ ലെസ്‌കോവിച്ചിന്റെ പകരക്കാരനായാണ് കൊയെഫ് എത്തുന്നത്. മാർകോ ലെസ്‌കോവിച്ചിന് ചേരുന്ന പകരക്കാരൻ തന്നെയാണ് കൊയെഫ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മികവും പരിചയസമ്പത്തും ഒത്തിണങ്ങിയ കളിക്കാരനാണ് അലെസാൻഡ്ര കൊയെഫ്. ഫ്രാൻസിലെയും സ്പെയിനിലെയും ഒന്നാം ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം വരുന്ന സീസണിൽ ഫ്രഞ്ച് ലീഗിൽ കളിക്കാൻ യോഗ്യത നേടിയ ഒക്ഷയർ ക്ലബിലാണ് ഏറ്റവുമധികം കാലം കളിച്ചിട്ടുള്ളത്. എന്നാൽ കുറച്ചു കാലമായി താരത്തിന് കളിക്കുന്ന ക്ലബുകളിൽ അവസരങ്ങൾ കുറവാണ്.

യൂറോപ്യൻ ഫുട്ബോളിൽ നിന്നും ഒരു മാറ്റം ആഗ്രഹിക്കുന്ന താരത്തിന് അനുയോജ്യമായ ലീഗാണ് ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ കഴിഞ്ഞാൽ താരത്തിന് ടീമിനെ നല്ല രീതിയിൽ സഹായിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ പ്രതിരോധത്തിൽ പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഊർജ്ജം പകരുന്നതാണ് പുതിയ താരത്തിന്റെ വരവ്.