കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് ഫ്രഞ്ച് പോരാളിയെത്തുന്നു, ട്രാൻസ്‌ഫർ പൂർത്തിയായെന്ന് റിപ്പോർട്ടുകൾ

മാർകോ ലെസ്‌കോവിച്ച് ക്ലബ് വിട്ട ഒഴിവിലേക്ക് പുതിയൊരു പ്രതിരോധതാരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ട് നാളുകളേറെയായി. മിലോസ് ഡ്രിൻസിച്ച് ക്ലബിനൊപ്പം തുടരുമെന്നിരിക്കെ മറ്റൊരു ഡിഫെൻഡറെ കൂടി ടീമിലെത്തിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായിരുന്നു. എന്തായാലും പുതിയ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കി എന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഐഎഫ്റ്റി ന്യൂസ് മീഡിയയുടെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് പ്രതിരോധതാരമായ അലെസാൻഡ്ര കൊയെഫ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ പോകുന്നത്. മുപ്പത്തിരണ്ടുകാരനായ താരം കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത് ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ കായേനിനു വേണ്ടിയായിരുന്നു. കരാർ അവസാനിച്ചു ഫ്രീ ഏജന്റായതോടെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്.

ഫ്രഞ്ച് ഒന്നാം ഡിവിഷൻ ക്ലബായ ആർസി ലെൻസിലൂടെ കരിയർ ആരംഭിച്ച താരമാണ് കൊയെഫ്. അതിനു ശേഷം യൂറോപ്പിലെ വിവിധ ഒന്നാം ഡിവിഷൻ, രണ്ടാം ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി താരം ബൂട്ടണിഞ്ഞു. ഇറ്റാലിയൻ ക്ലബായ യുഡിനസ്, ലാ ലിഗ ക്ളബുകളായ മയോർക്ക, ഗ്രനാഡ, ഫ്രഞ്ച് ക്ലബായ ബ്രെസ്റ്റ് എന്നിവയെല്ലാം അതിൽ പ്രധാനപ്പെട്ടവയാണ്.

ഫ്രഞ്ച് ഒന്നാം ഡിവിഷൻ ക്ലബായ ഓക്ഷയറിനു വേണ്ടിയാണ് കരിയറിൽ ഏറ്റവുമധികം മത്സരങ്ങൾ കൊയെഫ് കളിച്ചിരുന്നത്. 2019 മുതൽ 2023 വരെ 93 മത്സരങ്ങളിൽ താരം അവർക്കു വേണ്ടി ബൂട്ടണിഞ്ഞു. ഫ്രാൻസിന്റെ അണ്ടർ 16 മുതൽ അണ്ടർ 21 വരെയുള്ള എല്ലാ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സീനിയർ ടീമിന് വേണ്ടി കളിക്കാനുള്ള അവസരം കൊയെഫിന് ഉണ്ടായില്ല.

പരിചയസമ്പത്തിന്റെ കാര്യമെടുത്തു നോക്കിയാൽ വളരെ മികച്ചൊരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. യൂറോപ്പിൽ മാത്രം കളിച്ചു ശീലിച്ച കൊയെഫ് ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുകയെന്നതാണ് പ്രധാനം. അത് സംഭവിച്ചാൽ ടീമിന്റെ പ്രതിരോധം ശക്തമായി മാറും.