കഴിഞ്ഞ സീസണിൽ നടത്തിയത് ഗംഭീര പ്രകടനം, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ വാനോളം

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നതു പോലെയൊരു സൈനിങാണ് കഴിഞ്ഞ ദിവസം ക്ലബ് പ്രഖ്യാപിച്ചത്. മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഫ്രഞ്ച് ഡിഫെൻഡറായ അലക്‌സാണ്ടർ കൊയെഫിനെയാണ്. യൂറോപ്പിലെ വിവിധ പ്രധാന ലീഗുകളിൽ വളരെയധികം പരിചയസമ്പത്തുണ്ടെന്നത് താരത്തെ സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ എഫ്‌സി കെയനിലാണ് അലക്‌സാണ്ടർ കൊയെഫ് കളിച്ചിരുന്നത്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ പ്രകടനത്തിന്റെ കണക്കുകളും വളരെ മികച്ചതാണ്. ഐഎസ്എല്ലിനെക്കാൾ നിലവാരമുള്ള ഫ്രഞ്ച് സെക്കൻഡ് ഡിവിഷൻ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് അത് കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പവും ആവർത്തിക്കാൻ കഴിയും.

കഴിഞ്ഞ സീസണിൽ ലീഗിൽ ഇരുപതു മത്സരങ്ങളിലാണ് അലക്‌സാണ്ടർ കൊയെഫ് കളിക്കാനിറങ്ങിയത്. ആകെ 990 മിനുട്ടുകൾ താരം കളത്തിലുണ്ടായിരുന്നു. ഇത്രയും മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കാൻ അലക്‌സാണ്ടർ കൊയെഫിനു കഴിഞ്ഞിട്ടുണ്ട്. ഒരു സെന്റർ ബാക്കിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച പ്രകടനം തന്നെയാണ്.

കഴിഞ്ഞ സീസണിൽ മുപ്പത് ടാക്കിളുകളും 18 ഇന്റർസെപ്‌ഷൻസും അലക്‌സാണ്ടർ കൊയെഫ് നടത്തിയിട്ടുണ്ട്. 72 തവണ ബോൾ റിക്കവർ ചെയ്‌ത താരം 42 ക്ലിയറൻസുകളാണ് നടത്തിയത്. 57 ശതമാനം ഡ്യൂവൽ വിന്നിങ് റേറ്റും കൊയെഫിനു അവകാശപ്പെടാനുണ്ട്. ഇത്രയും മത്സരങ്ങൾ കളിച്ച താരം ഒരു മഞ്ഞക്കാർഡ് മാത്രമാണ് വാങ്ങിയതെന്നത് അച്ചടക്കം കൂടി തെളിയിക്കുന്നു.

കഴിഞ്ഞ സീസണിൽ ഫിറ്റ്നസ് പ്രശ്‌നങ്ങൾ കൊണ്ടാണോ അതോ ടീമിലെ പ്രധാന ഡിഫൻഡർ അല്ലാതിരുന്നതു കൊണ്ടാണ് കൊയെഫിനു അവസരങ്ങൾ കുറഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഇല്ലാതെ, ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങാൻ താരത്തിന് കഴിഞ്ഞാൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം നയിക്കുക കൊയെഫ് തന്നെയായിരിക്കും.