ഇന്ത്യയുടെ മികച്ച പ്രകടനത്തിനു കാരണം മഞ്ഞപ്പടയും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് ഇന്ത്യൻ ഫുട്ബോൾ താരം | Manjappada

സമീപകാലങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീം നടത്തിയ മികച്ച പ്രകടനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയും കാരണമായിട്ടുണ്ടെന്ന് ദേശീയടീം താരമായ അമരീന്ദർ സിങ്. ഇന്ന് ഏഷ്യൻ കപ്പിലെ രണ്ടാമത്തെ മത്സരത്തിനായി ഇറങ്ങുന്നതിനു മുൻപ് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ആരാധകർ നൽകുന്ന പിന്തുണയെ പ്രശംസിച്ചത്.

ഏഷ്യൻ കപ്പിലെ ആദ്യത്തെ മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെയാണ് കളിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇന്ത്യ തോൽവി വഴങ്ങിയെങ്കിലും മത്സരത്തിൽ ടീമിന്റെ പ്രകടനം വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു. ടീമിന്റെ പ്രകടനം മെച്ചപ്പെടാൻ ഇന്ത്യക്ക് പിന്തുണ നൽകാനെത്തിയ ആരാധകരും പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്നാണ് അമരീന്ദർ സിങ് പറയുന്നത്.

“ഏഷ്യയിൽ ഞങ്ങൾ എവിടെ കളിച്ചാലും മഞ്ഞപ്പടയും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആരാധകരും അവിടേക്ക് എത്തുന്നുണ്ട്. അത് ഞങ്ങളുടെ പ്രകടനം കൂടുതൽ കൂടുതൽ മെച്ചപ്പെടാൻ കാരണമാകുന്നുണ്ട്. സ്വന്തം നാട്ടിലല്ല കളിക്കുന്നതെന്ന് ഞങ്ങൾക്ക് ഒരിക്കലും തോന്നാത്ത തരത്തിലാണ് ആരാധകർ പിന്തുണ നൽകുന്നത്.” ഒഡിഷ എഫ്‌സി ഗോൾകീപ്പറായ അമരീന്ദർ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്ക് മികച്ച പിന്തുണയാണ് ആരാധകർ നൽകിയത്. വാദ്യഘോഷങ്ങളുമായി മത്സരം തുടങ്ങുന്നതിനു വളരെ മുൻപേ തന്നെ മഞ്ഞപ്പട വിങ് മൈതാനത്തിനു പുറത്തുണ്ടായിരുന്നു. അതിനു ശേഷം മത്സരം തുടങ്ങിയപ്പോഴും ചാന്റുകളും മറ്റുമായി മഞ്ഞപ്പട ഖത്തർ വിങ് സജീവമായ പിന്തുണയാണ് ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങൾക്ക് നൽകിയത്.

ഇന്ത്യൻ ഫുട്ബോൾ ടീം ഖത്തറിൽ എത്തിയപ്പോൾ മഞ്ഞപ്പട നൽകിയ പിന്തുണയും വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. എയർപോർട്ടിൽ വൈക്കിങ് ക്ലാപ്പ് നടത്തിയാണ് ആരാധകർ ടീമിനെ സ്വീകരിച്ചത്. എന്തായാലും ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ മുഖമായി മാറാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കഴിയുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Amrinder Singh Praise Manjappada For Their Support