ഞാൻ ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടു ചെയ്‌തിട്ടില്ല, മെസിക്ക് വോട്ടു നൽകിയെന്ന വ്യാജവാർത്തയിൽ പ്രതികരിച്ച് നെയ്‌മർ | Neymar

ഫിഫ ദി ബെസ്റ്റ് അവാർഡ്‌സ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. വീണ്ടുമൊരിക്കൽ കൂടി ലയണൽ മെസി പുരസ്‌കാരം സ്വന്തമാക്കിയെങ്കിലും അതിനെതിരെ പല ഭാഗത്തു നിന്നും വിമർശനം ഉയരുന്നുണ്ട്. അർഹരായ മറ്റു നിരവധി താരങ്ങൾ ഉണ്ടെന്നിരിക്കെ ലയണൽ മെസി ഈ പുരസ്‌കാരം അർഹിക്കുന്നുണ്ടോയെന്ന ചോദ്യമാണ് എല്ലാവരും ഉയർത്തുന്നത്.

അതിനിടെ ഫിഫ ദി ബെസ്റ്റ് അവാർഡ്‌സിൽ താൻ ഒന്നാമതായി വോട്ടു ചെയ്‌തത്‌ ലയണൽ മെസിക്കാണെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് നെയ്‌മർ രംഗത്തു വരികയുണ്ടായി. ഒരു ഇൻസ്റ്റാഗ്രാം പേജിൽ നെയ്‌മർ ചെയ്‌ത വോട്ടുകൾ എന്ന രീതിയിൽ വന്ന പോസ്റ്റിനു കീഴിൽ താരം തന്നെ മറുപടിയായി താൻ ഒരാൾക്കും വോട്ടു ചെയ്‌തിട്ടില്ലെന്ന് വ്യക്തമാക്കുകയുണ്ടായി.

ബ്രസീൽ നായകനെന്ന നിലയിൽ ആദ്യത്തെ വോട്ട് ലയണൽ മെസിക്കും രണ്ടാമത്തെ വോട്ട് കിലിയൻ എംബാപ്പെക്കും മൂന്നാമത്തെ വോട്ട് എർലിങ് ഹാലൻഡിനും നെയ്‌മർ നൽകിയെന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ അതിനു കീഴിൽ മറുപടിയായി താൻ ഒരാൾക്കും വോട്ടു ചെയ്‌തിട്ടില്ലെന്ന് താരം വെളിപ്പെടുത്തി. പോസ്റ്റിനെ പരിഹസിച്ചു കൊണ്ടാണ് നെയ്‌മർ കമന്റ് ചെയ്‌തത്‌.

ഓരോ ദേശീയ ടീമിന്റെയും നായകന്മാർ ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ വോട്ടുകൾ ചെയ്യും. അതിനു പുറമെ ദേശീയ ടീം പരിശീലകർ, മാധ്യമപ്രവർത്തകർ, ആരാധകർ എന്നിവർ വോട്ടു ചെയ്‌താണ്‌ മികച്ച താരത്തെ തിരഞ്ഞെടുക്കുന്നത്. എന്നാൽ ബ്രസീലിയൻ നായകനെന്ന നിലയിൽ വോട്ടു ചെയ്‌തത്‌ നെയ്‌മറല്ല. മറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കസമീറോയാണ് വോട്ടു ചെയ്‌തത്‌.

എന്തായാലും കാസമേറോയുടെ ആദ്യത്തെ വോട്ട് ലയണൽ മെസിക്കായിരുന്നില്ല. മാഞ്ചസ്റ്റർ സിറ്റി താരം ഹാലാൻഡിനാണ് താരം വോട്ടു ചെയ്‌തത്‌. അതിനു രണ്ടാമത്തെ വോട്ട് ലയണൽ മെസിക്കും മൂന്നാമത്തെ വോട്ട് എംബാപ്പക്കും അദ്ദേഹം നൽകി. അതേസമയം ബ്രസീലിന്റെ പുതിയ പരിശീലകനായ ഡോറിവൽ ജൂനിയർ തന്റെ ആദ്യത്തെ വോട്ട് മെസിക്കാണ് നൽകിയത്.

Neymar Denies Voting For Anyone At FIFA Best Awards