യൂറോപ്പ് വിട്ടാലും മെസിയും റൊണാൾഡോയും തന്നെ രാജാക്കന്മാർ, അവരുടെ സിംഹാസനത്തിന് ഇളക്കമില്ല | Messi Ronaldo

ഫുട്ബോൾ ആരാധകരെ ഒന്നടങ്കം നിരാശരാക്കിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും യൂറോപ്യൻ ഫുട്ബോൾ മതിയാക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തർ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസി കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിട്ട് ഇന്റർ മിയാമിയിലേക്ക് ചേക്കേറി.

യൂറോപ്യൻ ഫുട്ബോളിൽ വലിയൊരു കാലഘട്ടം മുഴുവൻ അടക്കി ഭരിച്ച ഈ താരങ്ങൾ അവരുടെ നിലവിലെ ക്ലബുകൾക്ക് വേണ്ടിയും മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാൽ അത്ഭുതപ്പെടുത്തുന്ന വസ്‌തുത ഈ താരങ്ങൾ യൂറോപ്പ് വിട്ട് ഒരു വർഷത്തോളമായിട്ടും യൂറോപ്പിലെ ഗോൾവേട്ടയിൽ ഇവർ സ്ഥാപിച്ച റെക്കോർഡുകൾ മറികടക്കാൻ ആർക്കും കഴിയുന്നില്ലെന്നാണ്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവുമധികം ഗോൾ നേടിയ താരങ്ങളുടെ പട്ടിക പുറത്തു വന്നപ്പോൾ അതിൽ ഈ രണ്ടു താരങ്ങളും മുൻനിരയിൽ തന്നെയുണ്ട്. ലയണൽ മെസി ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും ക്രിസ്റ്റ്യാനോ റൊണാൾഡോ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുമാണ്. പോളണ്ട് സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന താരം.

റോബർട്ട് ലെവൻഡോസ്‌കി ഇക്കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 478 മത്സരങ്ങളിൽ നിന്നും 407 ഗോളുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ലയണൽ മെസി 458 മത്സരങ്ങളിൽ നിന്നും 377 ഗോളുകളാണ് നേടിയത്. മൂന്നാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ 406 മത്സരങ്ങളിൽ നിന്നും 350 ഗോളുകളാണ് നേടിയത്. ട്രാൻസ്‌ഫർമാർക്കറ്റാണ് ഈ കണക്കുകൾ പുറത്തു വിട്ടത്.

കുറച്ചുകൂടി മുൻപത്തെ കണക്കുകൾ കൂടിയെടുത്താൽ ഈ ലിസ്റ്റിൽ മെസിയും റൊണാൾഡോയും തന്നെയാകും ഒന്നാം സ്ഥാനത്തെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും ഈ രണ്ടു താരങ്ങളും യൂറോപ്യൻ ഫുട്ബോളിൽ ആരായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. അവർ യൂറോപ്പ് വിട്ടിട്ടും അവരുടെ ഐതിഹാസികത ഇപ്പോഴും തുടരുന്നു.

Messi Ronaldo Leads In Top Scorers Of Europe In Last Decade