കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിനു കാരണം പെപ്രയുടെ അഭാവമാണോ, കണക്കുകൾ അതു ശരി വെക്കുന്നതാണ് | Kwame Peprah

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യത്തെ ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വിമർശനങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങിയ താരമാണ് ക്വാമേ പെപ്ര. ആദ്യത്തെ ഏഴു മത്സരങ്ങളിൽ ഒരു ഗോൾ പോലും നേടാതിരുന്ന താരം പല മത്സരങ്ങളിലും നിർണായകമായ അവസരങ്ങൾ തുലച്ചു കളയുകയും ചെയ്‌തു. പെപ്ര ബ്ലാസ്റ്റേഴ്‌സിനു യോജിച്ച താരമല്ലെന്നും ടീമിൽ നിന്നും ഒഴിവാക്കണമെന്നും അതോടെ ആവശ്യമുയർന്നു.

എന്നാൽ വിമർശനങ്ങളുടെ ഇടയിൽ നിന്നും ഘാന താരം പിന്നീട് ഉയർത്തെഴുന്നേറ്റു. അതിനു ശേഷമുള്ള ആറു മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും പെപ്ര സ്വന്തമാക്കി. എന്നാൽ പെപ്രയുടെ സാന്നിധ്യം ടീമിന് എത്ര വിലപ്പെട്ടതാണെന്ന് മനസിലാക്കാൻ താരം പരിക്കേറ്റു പുറത്തിരിക്കേണ്ടി വന്നു. അതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മോശം ഫോമിലേക്ക് വീണത്.

മുന്നേറ്റനിരയിൽ കളിക്കുന്ന താരാമാണെങ്കിലും പെപ്രയുടെ സാന്നിധ്യം ടീമിന്റെ പ്രതിരോധത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ വളരെ പ്രധാനമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെന്നല്ല, ഐഎസ്എല്ലിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ എതിരാളികളെ പ്രസ് ചെയ്‌തു കളിക്കുന്ന ഫോർവേഡാണ് പെപ്ര. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ അസാന്നിധ്യം ടീമിന്റെ ഡിഫെൻസിനെ ബാധിച്ചതും.

സൂപ്പർകപ്പിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുൻപാണ് പെപ്രക്ക് പരിക്കേറ്റത്. ആ മത്സരത്തിൽ നാല് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. അതിനു ശേഷം നടന്ന അഞ്ച് ഐഎസ്എൽ മത്സരങ്ങളിൽ നാലിലും തോറ്റ ബ്ലാസ്റ്റേഴ്‌സ് എല്ലാ മത്സരങ്ങളിലും ഗോൾ വഴങ്ങുകയും ചെയ്‌തിരുന്നു. പെപ്രയുടെ നിരന്തരമുള്ള പ്രെസിങ് മറ്റു ടീമുകളുടെ താളം തെറ്റിക്കുന്നതാണെന്ന് ഇതിൽ നിന്നും മനസിലാക്കാം.

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിൽ പെപ്രയുടെ പ്രകടനം നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സൂപ്പർകപ്പിൽ താരത്തിന് പരിക്ക് പറ്റിയത് ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിക്കും ഫോമിനും വലിയ തിരിച്ചടി നൽകുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ വിള്ളൽ വീഴുന്നതിനെക്കുറിച്ച് ടീമിന്റെ പ്രതിരോധതാരം മിലോസ് ഡ്രിഞ്ചിച്ച് പറഞ്ഞിരുന്നു. പ്രതിരോധതാരങ്ങൾ മാത്രമല്ല, ടീമിലെ മറ്റു താരങ്ങൾക്കും ഇക്കാര്യത്തിൽ പ്രധാന പങ്കുണ്ടെന്നും പരിക്കുകൾ അതിനെ താളം തെറ്റിച്ചുവെന്നുമാണ് മീലൊസ് പറഞ്ഞത്. പെപ്രയുടെ പരിക്കാണ് മീലൊസ് പ്രധാനമായും ഉദ്ദേശിച്ചതെന്നത് ഈ കണക്കുകളിൽ നിന്നും വ്യക്തം.

Kwame Peprah Injury Affects Kerala Blasters