മെസിയും സുവാരസും ചേർന്നാൽ പിന്നെ പറയാനുണ്ടോ, ഗംഭീരതിരിച്ചുവരവുമായി ഇന്റർ മിയാമി | Inter Miami

കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്റർ മിയാമി. നാഷ്‌വിൽ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലാണ് രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം ഇന്റർ മിയാമി തിരിച്ചടിച്ച് സമനില നേടിയത്. നാൽപത്തിയാറാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ നാഷ്‌വില്ലിനെതിരെ മെസിയും സുവാരസുമാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്.

നാഷ്‌വില്ലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ അവർ മുന്നിലെത്തിയിരുന്നു. ജേക്കബ് ഷാഫൽബർഗാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതിനു ശേഷം തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഇന്റർ മിയാമി നടത്തുന്നതിനിടെ നാൽപത്തിയാറാം മിനുട്ടിൽ നാഷ്‌വിൽ വീണ്ടും മുന്നിലെത്തി. ഷാഫൽബർഗ് തന്നെയാണ് ടീമിനായി രണ്ടാമത്തെ ഗോളും കുറിച്ചത്.

രണ്ടു ഗോളുകൾ വഴങ്ങിയെങ്കിലും ഇന്റർ മിയാമി തളർന്നില്ല. അതിനു പിന്നാലെ അൻപത്തിരണ്ടാം മിനുട്ടിൽ ഇന്റർ മിയാമി തിരിച്ചടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലൂയിസ് സുവാരസ് നൽകിയ പന്ത് ബോക്‌സിന്റെ എഡ്‌ജിൽ നിന്നും മികച്ചൊരു ഷോട്ടിലൂടെ ലയണൽ മെസി വലയിലേക്ക് എത്തിക്കുകയായിരുന്നു. തുടർച്ചയായ നാലാമത്തെ മത്സരത്തിലാണ് താരം ഗോളിൽ പങ്കാളിയാകുന്നത്.

ഇന്റർ മിയാമി തിരിച്ചുവരാനുള്ള ശ്രമങ്ങൾ അതിനു ശേഷം സജീവമാക്കിയെങ്കിലും നാഷ്‌വിൽ പ്രതിരോധം പിടിച്ചു നിന്നു. ഈ സീസണിലെ ആദ്യത്തെ തോൽവി ഇന്റർ മിയാമി വഴങ്ങുമെന്ന് ഘട്ടത്തിലാണ് സുവാരസിന്റെ സമനില ഗോൾ ഇഞ്ചുറി ടൈമിൽ പിറന്നത്. മെസി നൽകിയ പന്ത് ബുസ്‌ക്വറ്റ്സ് ബോക്‌സിലേക്ക് ക്രോസ് ചെയ്‌തപ്പോൾ സുവാരസ് അത് ഹെഡറിലൂടെ വലയിലെത്തിച്ചു.

കോൺകാഫ് ചാമ്പ്യൻസ് കപ്പ് രണ്ടു പാദങ്ങളിലായി നടക്കുന്ന മത്സരമായതിനാൽ തന്നെ ഇന്റർ മിയാമിക്ക് അടുത്ത മത്സരത്തിൽ വിജയം നേടിയാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ കഴിയും. അടുത്ത മത്സരം സ്വന്തം മൈതാനത്താണ് നടക്കുന്നതെന്നത് ടീമിന് കൂടുതൽ കരുത്താണ്. സീസൺ ആരംഭിച്ചതിനു ശേഷമുള്ള അപരാജിതകുതിപ്പ് നിലനിർത്താനും സമനിലയോടെ ടീമിനായി.

Inter Miami Draw Against Nashville In CONCACAF Champions Cup