ബ്രസീലിനു അപ്രതീക്ഷിത തിരിച്ചടി നൽകാൻ ആൻസലോട്ടി, ഇറ്റാലിയൻ പരിശീലകൻ റയൽ മാഡ്രിഡ് കരാർ പുതുക്കും | Ancelotti

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെ പുറത്താകലും അതിനു പിന്നാലെ അർജന്റീനയുടെ കിരീടനേട്ടവും കാരണം പ്രതിരോധത്തിലായ ടീമാണ് ബ്രസീൽ. 2002നു ശേഷം ഒരിക്കൽപ്പോലും ലോകകപ്പിന്റെ ഫൈനൽ കളിക്കാൻ ടീമിന് കഴിഞ്ഞിട്ടില്ലെന്നത് ആരാധകരിൽ വലിയ നിരാശയാണ് ഉണ്ടാക്കിയത്. അതിനു പിന്നാലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനെതിരെ വലിയ രീതിയിൽ പ്രതിഷേധവും ഉണ്ടായി.

ഈ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതായിരുന്നു പുതിയ പരിശീലകനുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ വെളിപ്പെടുത്തിയത് നിലവിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാകുമെന്നാണ്. ഈ സീസണോടെ റയൽ മാഡ്രിഡ് കരാർ അവസാനിക്കുന്ന അദ്ദേഹം കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീലിൻെറ ചുമതല ഏറ്റെടുക്കുമെന്ന വാർത്തകളും പുറത്തു വന്നു.

എന്നാൽ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രസീൽ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി ആൻസലോട്ടി വരാനുള്ള സാധ്യതകൾ വളരെ കുറവാണെന്നും അദ്ദേഹം റയൽ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിടാനാണ് കൂടുതൽ സാധ്യതയെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. റയൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള ചർച്ചകൾക്ക് താൻ ഒരുക്കമാണെന്ന് ആൻസലോട്ടിയും പറഞ്ഞിരുന്നു.

ആൻസലോട്ടിയും ബ്രസീലും തമ്മിൽ കരാറിൽ ഒപ്പു വെച്ചുവെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ആൻസലോട്ടിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ സജീവമായി നടത്തിയിരുന്ന ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് തൽസ്ഥാനത്തു നിന്നും പുറത്തായിരുന്നു. അത് ആൻസലോട്ടിയുടെ തീരുമാനത്തിൽ മാറ്റം വരാൻ കാരണമായിട്ടുണ്ടോ എന്ന് സംശയിക്കാവുന്നതാണ്.

ആൻസലോട്ടി ബ്രസീൽ ടീമിന്റെ പരിശീലകനാവുന്നില്ലെങ്കിൽ ബ്രസീൽ ആരാധകർക്ക് അത് വലിയൊരു ക്ഷീണം തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ താൽക്കാലിക പരിശീലകനായ ഫെർണാണ്ടോ ഡിനിസിനു കീഴിൽ മോശം ഫോമിലാണ് ടീം കളിക്കുന്നത്. ആൻസലോട്ടിയെ പോലെ പരിചയസമ്പത്ത് നിറഞ്ഞ ഒരു പരിശീലകൻ വരുന്നത് ബ്രസീൽ ടീമിന് വലിയ വ്യത്യാസമാണ് ഉണ്ടാക്കുക.

Ancelotti Close To Renew With Real Madrid